സ്വകാര്യ കാറിൽ മന്ത്രി ഷാജിയുടെ യാത്ര സർക്കാരിന് ലാഭം: വിചിത്രവാദവുമായി മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ കാർ ഉപയോഗിച്ചതുവഴി മന്ത്രി കെ.എം.ഷാജി സർക്കാരിന്റെ പണം ലാഭിക്കുകയായിരുന്നെന്ന് മന്ത്രി സണ്ണി ജോസഫ്. നിസ്സാരമായ വിവാദമാണിത്. സർക്കാരിന്റെ വാഹനമാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ഡീസൽ, അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം അങ്ങനെ സർക്കാരിനു നഷ്ടമുണ്ടാകുമായിരുന്നു. സുഹൃത്തുക്കൾ എന്തിനാണു മന്ത്രിമാർക്കു കോടികളുടെ സൗജന്യം ചെയ്യുന്നതെന്ന ചോദ്യത്തിന് ‘സൗകര്യം ചെയ്യുന്നതല്ലേ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സൗജന്യവും സൗകര്യവും രണ്ടാണ്. രണ്ടിലും ‘സൗ’ ഉണ്ടെന്നേയുള്ളൂ– മന്ത്രി പറഞ്ഞു.
സർക്കാർ ചെലവിലല്ല മന്ത്രിമാർ വിദേശയാത്ര നടത്തിയത്. ഗൾഫിലേക്കുള്ളതു വലിയ ചെലവുള്ള യാത്രയല്ല. രമേശ് ചെന്നിത്തല മാത്രമാണ് അമേരിക്കയിൽ പോയത്. വളരെ പ്രധാനപ്പെട്ട, കോൺഗ്രസ് പാർട്ടിയുമായി അടുത്തുനിൽക്കുന്ന ആളുടെ ക്ഷണം സ്വീകരിച്ചാണു പോയത്. സർക്കാർ ചെലവിൽ ആരും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
