ഹെലികോപ്റ്റര്‍ വിവാദം: ‘സ്പോണ്സര്ഷിപ്പില് അഴിമതിയുടെ മണം’; രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. സ്പോണ്സര്ഷിപ്പില് അഴിമതിയുടെ മണമുണ്ടെന്ന് എപി സമസ്ത നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ചു. ആഡംബര കാറും ചാര്‍ട്ടേഡ് വിമാനവും അഴിമതിയാണ്. സമ്മാനമായി തന്നതാണെന്ന് പറഞ്ഞാലും അതില്‍ അഴിമതിയുടെ മണമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമർശനമുണ്ട്.
പദവിയില്ലെങ്കില്‍ ആരും വിമാനവും കാറും വിട്ടു കൊടുക്കില്ല. പകരം ഒന്നും നല്‍കിയില്ലെങ്കില്‍ പോലും പൊതുസമൂഹം അങ്ങനെ തന്നെ ധരിക്കും. ഇതിനെയെല്ലാം ന്യായീകരിക്കുന്നവരാണ് എല്ലാവര്ക്കും ധൈര്യം പകരുന്നതെന്നും രൂക്ഷമായ ഭാഷയില്‍ റഹ്മത്തുള്ള സഖാഫി വിമര്‍ശിച്ചു. പൊതുഖജനാവില്‍ നിന്ന് മന്ത്രിമാര്‍ക്കായി വിവിധ ഇനങ്ങളില്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. വാഹനം, വീട് മോടിപിടിപ്പിക്കല്‍, സല്‍ക്കാരം, വിദേശയാത്ര, ചികിത്സ തുടങ്ങിയവയ്ക്കുള്ള അധിക ചെലവുകള്‍ ഖജനാവിന് ബാധ്യതയാകുന്നുണ്ട്. കാലിയായ പൊതുഖജനാവിനെ കൂടുതല്‍ ചോര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കണം. ഇത്തരം സൗകര്യങ്ങള്‍ പൊതുസമൂഹത്തില്‍ തെറ്റായ ധാരണയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിമാര്‍ ആഡംബര കാറുകളില്‍ യാത്ര ചെയ്യുന്നതിലും പൊതുസമൂഹത്തിന് സംശയമുണ്ടാകുന്ന സാഹചര്യമാണ്. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളാണെന്ന് പറഞ്ഞാലും പദവിയില്ലായിരുന്നെങ്കില് ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുമായിരുന്നോ എന്ന ചോദ്യം ഉയരും. ഭരണാധികാരികള്‍ പൊതുപണം ചെലവഴിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തവും സുതാര്യതയും പുലര്‍ത്തണമെന്നും റഹ്മത്തുള്ള സഖാഫി ഫേസ്ബുക്കില്‍ കുറിച്ചു.
