വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു
കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ദേശീയപാതാ വികസനത്തിനായി കീഴാറ്റൂരിലെ വയൽ നികത്തുന്നതിനെതിരേ വയൽക്കിളികൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. 2018 മാർച്ച് 14ന് കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ഇവർ തടഞ്ഞിരുന്നു.
ഇതോടെ സമരക്കാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങുകയായിരുന്നു. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ മണ്ണ് ഉൾപ്പെടെ എത്തിച്ച് പ്രതീകാത്മകസമരവും ഇവിടെ നടന്നിരുന്നു.
