ഹരിശ്രീ കുറിച്ച് കുരുന്നുകൾ; സംസ്ഥാനത്തുടനീളം വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു
അക്ഷരങ്ങളുടെയും കലകളുടെയും ലോകത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നിരവധി കുരുന്നുകളാണ് എത്തുന്നത്. പനച്ചിക്കാട് ദക്ഷിണമൂകാംബിക സരസ്വതി ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു. ദക്ഷിണമൂകാംബിക പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തിന് പ്രത്യേക വിദ്യാമണ്ഡപം ഒരുക്കി. 40 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് നടത്തുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ 4ന് നട തുറക്കുന്നതോടെ ആരംഭിച്ചു. ലോകത്തിന്റെ പലകോണിൽനിന്ന് മലയാളികൾ അടക്കം എത്തുന്ന കൊല്ലൂരിൽ വൈകിട്ടുള്ള വിജയോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. പ്രശസ്തമായ പുഷ്പ രഥോത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. വാദ്യമേളങ്ങളുടെയും ദേവീമന്ത്രജപങ്ങളുടെയും അകമ്പടിയോടെയാണ് ഭക്തർ രഥം വലിച്ചത്. രഥത്തില്‍ നിന്നും പൂജാരി ഭക്തരുടെ നേര്‍ക്ക് പൂജിച്ച നാണയങ്ങള്‍ വിതറുന്ന ചടങ്ങും നടന്നു.
