ജന്മദിനാഘോഷം നീണ്ടത് പുലർച്ചെ വരെ; പോസ്റ്റിലിടിച്ച ശേഷവും ബൈക്ക് 50 മീറ്ററോളം തെറിച്ചു, മരിച്ചത് ഉറ്റസുഹൃത്തുക്കൾ

Share our post

കൊച്ചി ∙ ജന്മദിനാഘോഷത്തിന്റെ ആവേശം കെട്ടടങ്ങും മുൻപ് നെടുമ്പാശ്ശേരി അത്താണിയിലുണ്ടായ ബൈക്കപകടം തട്ടിയെടുത്തത് തൃശൂർ സ്വദേശികളായ രണ്ട് ചെറുപ്പക്കാരെ. തൃശൂർ സ്വദേശികളും അടുത്ത സുഹൃത്തുക്കളുമായ ഗോകുൽ, അശ്വിൻ (ഇരുവരും 23) എന്നിവർ ഇന്നു രാവിലെയാണ് അപകടത്തിൽ മരിച്ചത്.

ആലുവയ്ക്കടുത്ത് കരിമല്ലൂരിലുള്ള ഫാബ്രിക്കേഷൻ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ഇന്നലെയായിരുന്നു ഗോകുലിന്റെ 23ാം ജന്മദിനം. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി തുടങ്ങിയ ജന്മദിനാഘോഷം ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു എന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ 7.15 ഓടെ അത്താണി ട്രാഫിക് സിഗ്നൽ ജംക്‌ഷനു  സമീപമായിരുന്നു ദാരുണമായ അപകടം. ഗോകുലും അശ്വിനും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ആലുവ ഭാഗത്തേക്ക് പോയ ഇവർ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അത്താണി ജംക്‌ഷൻ ലക്ഷ്യമാക്കി യു-ടേൺ എടുത്ത് മടങ്ങിവരികയായിരുന്നു.

റോഡിലെ ചെറിയൊരു വളവിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഗോകുലിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ വലതുവശത്തുള്ള മീഡിയനിൽ ഉരസി കോൺക്രീറ്റ് ബാരിയറിലൂടെ ഏകദേശം 100 മീറ്ററോളം തെന്നിനീങ്ങി പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റിലിടിച്ച ശേഷവും ബൈക്ക് 50 മീറ്ററോളം മുന്നോട്ട് തെറിച്ചുപോയി. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടം നടന്നയുടൻ ഗോകുൽ അബോധാവസ്ഥയിലായി.

ഗുരുതരമായി പരുക്കേറ്റിട്ടും ഭാഗികമായി ബോധമുണ്ടായിരുന്ന അശ്വിൻ രക്ഷപ്പെടുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആ ജീവനും പൊലിഞ്ഞു. അപകടസമയത്ത് ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!