നിലക്കാത്ത വയറുവേദന; എക്സ്റേയിൽ കണ്ടത് രണ്ടുവർഷംമുൻപ് വൃക്കയിൽ ഘടിപ്പിച്ച ട്യൂബ്
പഴയന്നൂർ : വയറുവേദനയെത്തുടർന്ന് ചികിത്സതേടിയപ്പോൾ കണ്ടെത്തിയത് രണ്ടുവർഷംമുൻപ് വൃക്കയിലെ കല്ലുനീക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽചെയ്ത ശസ്ത്രക്രിയയിൽ ഘടിപ്പിച്ച ട്യൂബ്. എളനാട് മരുതംപാടത്ത് മഞ്ഞളൂർക്കളം വീട്ടിൽ എ.സലീമി(54)ന് ഇപ്പോൾ അടിയന്തരശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മൂത്രമൊഴുക്ക് സുഗമമാക്കാനുള്ളതാണ് ഈ ട്യൂബ് (സ്റ്റെന്റ്). ഇടതു വൃക്ക മുതൽ മൂത്ര സഞ്ചി വരെ നീളുന്ന ഇത് മൂന്നു മാസത്തിനു മുൻപേ നീക്കം ചെയ്യേണ്ടിയിരുന്നതാണ് .
2024 ഓഗസ്റ്റ് പത്തിനാണ് സലീമിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജിവിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. നാലുദിവസത്തിനുശേഷം വീട്ടിലേക്കയയ്ക്കുകയും ചെയ്തു. 10 ദിവസം കഴിഞ്ഞ് തുന്നൽനീക്കി. ഒരു മാസം കഴിഞ്ഞ് ജോലിക്കു പോകാമെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. മറ്റൊരു ചികിത്സയോ വീണ്ടും ആശുപത്രിയിൽ വരണമെന്നോ ഡോക്ടർ നിർദേശിച്ചില്ലെന്ന് സലിം പറയുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം ഇടയ്ക്കിടെ വയറിൽ അസ്വസ്ഥതയും വേദനയും മൂത്രത്തിൽ രക്തത്തിന്റെ നിറവും കണ്ടുതുടങ്ങി. വേദന മാറാത്തതിനാൽ എളനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ കാണിക്കുകയും വേദന സംഹാരി ഉൾപ്പെടെയുള്ള മറ്റു മരുന്നുകൾ കഴിക്കുകയും ചെയ്തു.
രണ്ടു വർഷത്തോളമായി പ്രയാസപ്പെടുകയായിരുന്നു.ഫലമില്ലാതെ കഴഞ്ഞ ഏപ്രിൽ 29-ന് മെഡിക്കൽകോളേജിലെത്തി.ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടപ്പോൾ സ്കാനിങ്ങിന് നിർദേശിച്ചു. സ്കാനിങ്ഫലം കാണിച്ച ഉടനെ എക്സ്റേ എടുക്കാൻ നിർദേശിച്ചു. തുടർന്നാണ് വയറിൽ ട്യൂബ് കണ്ടത്. ഇതു നീക്കാൻ അടിയന്തരശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് .
എന്നാൽ, 2024-ൽ ശസ്ത്രക്രിയ കഴിഞ്ഞ് തുന്നൽ അഴിച്ച സലിം 20 മാസത്തിനുശേഷം മാത്രമാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ പറഞ്ഞു.
