ഫ്രീ ടിക്കറ്റുമായി കെ.എസ്.ആർ.ടി.സി പ്രിയദർശനി ഹിറ്റ്; ഫ്‌ളോപ്പായ പ്രിയദർശനി ട്രാവൽസും കേരളത്തിലുണ്ട്
മാനന്തവാടി: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ ജില്ലയിലെ പ്രിയദർശിനി ബസുകൾ പ്രതിസന്ധിയിൽ. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യയാത്ര ഏർപ്പെടുത്തിയപ്പോൾ ജില്ലാ പട്ടികജാതി-വർഗ മോട്ടോർ ട്രാൻസ്‌പോർട്ട് സഹകരണസംഘത്തിനുകീഴിലുള്ള പ്രിയദർശിനി ബസുകളുടെ ഓട്ടമാണ് പ്രതിസന്ധിയിലായത്.
ഒരുകാലത്ത് മാനന്തവാടി-സുൽത്താൻ ബത്തേരി റൂട്ട് പ്രിയദർശിനി ബസുകളുടെ കുത്തകയായിരുന്നു. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ ഈ റൂട്ടിൽ വ്യാപകമായതോടെ പ്രിയദർശിനി ബസുകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒൻപത് ബസുകളാണ് മുൻപുണ്ടായിരുന്നത്. ഇപ്പോൾ മൂന്നായി ചുരുങ്ങി. മാനന്തവാടി-സുൽത്താൻ ബത്തേരി, മാനന്തവാടി-കോഴിക്കോട്, മാനന്തവാടി-വാളാട് റൂട്ടുകളിലായി മൂന്നുബസുകളാണ് ഇപ്പോൾ ആകെയുള്ളത്. ഇതിനുപുറമേ 13 വർഷം മുൻപ് മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ടൂറിസ്റ്റ് ബസുകൾ സർവീസ് തുടങ്ങിയിരുന്നെങ്കിലും ഇവയും നിലച്ചു.
പട്ടികജാതി-വർഗ പിന്നാക്ക വിഭാഗത്തിലുൾപ്പെട്ടവരെ തൊഴിൽ ഉൾപ്പെടെ നൽകി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1986-ൽ പട്ടികജാതി-വർഗ സഹകരണ സംഘത്തിന്റെ കീഴിൽ പ്രിയദർശിനി ബസുകൾ ഓടിത്തുടങ്ങിയത്. ആദ്യകാലത്ത് നല്ലരീതിയിൽ പ്രവർത്തിച്ചെങ്കിലും ബസുകളും സ്വകാര്യവാഹനങ്ങളും കൂടിയതോടെ ഇവയ്ക്ക് തിരിച്ചടിയായി. കളക്ടർ ചെയർമാനും സബ് കളക്ടർ മാനേജിങ് ഡയറക്ടറും സംഘം സെക്രട്ടറിയുൾപ്പെടെയുള്ള 18 അംഗ ഭരണസമിതിയാണ് മോട്ടോർ ട്രാൻസ്‌പോർട്ട് സംഘത്തിന്റെയും പ്രിയദർശിനി ബസുകളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ടി. രവീന്ദ്രൻ തമ്പി കളക്ടറും മാരാപാണ്ഡ്യൻ സബ് കളക്ടറുമായിരുന്ന സമയത്താണ് ജില്ലയിൽ പ്രിയദർശിനി സർവീസ് തുടങ്ങിയത്.
പ്രിയദർശിനി ബസുകൾക്കുമുന്നിലും പിന്നിലും വ്യാപകമായി കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നതിനാൽ പിടിച്ചുനിൽക്കാനുള്ള പ്രയാസം നേരത്തേ അധികൃതരെ അറിയിച്ചിരുന്നു. ശോഷിച്ചുപോയ ബസ് സർവീസ് സംവിധാനത്തെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഒരു വിഭാഗം തൊഴിലാളികളാണ്. ഇപ്പോൾ ആകെയുള്ള മൂന്നുബസുകളും സർവീസ് നടത്തുന്നത് തൊഴിലാളികളുടെ നേതൃത്വത്തിലാണ്. 18-ഓളം തൊഴിലാളികൾക്ക് പ്രിയദർശിനി ബസുകൾ ഉപജീവനം നൽകുന്നുണ്ട്.
മൂന്നുകോടിയോളം രൂപയുടെ നഷ്ടം
പി.കെ. ജയലക്ഷ്മി പട്ടികവർഗ വികസനവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 2012-ലാണ് മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ടൂറിസ്റ്റ് ബസ് സർവീസ് തുടങ്ങിയത്. ഇതിന് രണ്ടുവർഷത്തെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്. 2011-ൽ ഇറക്കിയ ബസും ഇപ്പോൾ ഓടുന്നില്ല. ഈ ബസുകളെല്ലാം ഇപ്പോൾ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ എസ്റ്റേറ്റിൽ വെറുതേയിട്ടിരിക്കുകയാണ്.
മുൻപ് ജോലിചെയ്തിരുന്ന തൊഴിലാളികളിൽ ചിലർ ആറുലക്ഷത്തോളം രൂപ സംഘത്തിൽ അടയ്ക്കാനുണ്ട്. ഇത് അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. ടൂറിസ്റ്റ് ബസുകൾ ലേലത്തിനുനൽകാനുള്ള നീക്കം നടത്തിയെങ്കിലും എസ്റ്റിമേറ്റ് തുക ലഭിക്കാത്തതിനാൽ ലേലംചെയ്യാൻ സാധിച്ചിട്ടില്ല. മൂന്നുകോടിയോളം രൂപയുടെ നഷ്ടം ഇതുവരെയുണ്ടായതാണ് പ്രാഥമികകണക്ക്. നിലവിൽ ഓടുന്ന മൂന്നുബസുകളും 15 വർഷത്തോളം പഴക്കം ചെന്നതാണ്. ഇവമാറ്റി പുതിയ ബസ് ഏർപ്പെടുത്തിയാൽമാത്രമേ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കൂ.
രണ്ടും ‘പ്രിയദർശിനി’; ഒന്ന് നാശത്തിന്റെ വക്കിൽ
1986-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേയാണ് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള ബഹുമാനാർഥം എല്ലാ ജില്ലകളിലും ‘പ്രിയദർശിനി’ ബസുകൾ നിരത്തിലിറക്കിയത്. നിലവിൽ വയനാട്ടിൽ മാത്രമാണ് ഇപ്പോൾ പ്രിയദർശിനി ബസുകൾ ഓടുന്നത്. ഓരോ ജില്ലയിലും ഓരോ ബസാണ് ഇറക്കിയതെങ്കിലും വയനാട്ടിൽ ഒൻപത് ബസുവരെ എത്തിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസുകൾ വിരളമായിരുന്ന കാലത്ത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് പോകാൻ പലരും ആശ്രയിച്ചിരുന്നത് പ്രിയദർശിനി ബസിനെയാണ്.
1987-ൽ സർവീസ് തുടങ്ങിയ ഈ ബസും നിലയ്ക്കുന്ന മട്ടാണുള്ളത്. 2010-നുശേഷമാണ് പ്രിയദർശിനി ബസുകൾ ജില്ലയിലെ നിരത്തുകളിൽനിന്ന് നീങ്ങിത്തുടങ്ങിയത്. സ്ത്രീകൾക്കുള്ള സൗജന്യയാത്രാപദ്ധതിയുടെ പേരും ഇന്ദിരാഗാന്ധിയുടെ പേരിലാണ് ഒരുക്കിയത്. പ്രിയദർശിനി ബസുകൾക്ക് മുന്നിലും പിന്നിലുമായി സൗജന്യം അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ഓടുന്നതിനാൽ ബസ് സ്റ്റോപ്പിൽ ആളുകളുണ്ടെങ്കിലും കയറാത്ത അവസ്ഥയുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഒരുവീട്ടിൽനിന്ന് ഭാര്യയും ഭർത്താവുമടങ്ങുന്ന കുടുംബം ഒരുമിച്ചുപുറപ്പെട്ടാൽ സൗജന്യം ലഭിക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകളെയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്.
