‘മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്ത് ?’ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

Share our post

കൊച്ചി ∙ തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരനായ അർഷിദ് അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരുടെ ബെഞ്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനോട് ചോദിച്ചു. അർഷിദിന്റെ മരണത്തിൽ സ്വമേധയാ എടുത്ത കേസിലെ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വനിതാ ശിശുവികസന വകുപ്പിനെ കേസിൽ കക്ഷി ചേര്‍ത്ത കോടതി, ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നല്‍കാനാണ് നിർദേശം.

ഒന്നരവയസ്സുകാരനായ പിഞ്ചുകുഞ്ഞ് ക്രൂരമായ പീഡനത്തെത്തുടർന്ന് ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് കേസിന് ആധാരം. ആഴ്ചകളോളം നടന്ന ക്രൂരതകൾക്കിരയായ കുഞ്ഞിന്റെ ശരീരത്തിൽ 90ലധികം ആന്തരികവും ബാഹ്യവുമായ പരുക്കുകൾ ഉണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് എല്ല് പൊട്ടിയതിനെ തുടർന്ന് കുട്ടിയെ ആശുപത്രികളിൽ എത്തിച്ചിരുന്നെങ്കിലും ഇത് കുട്ടിക്കു നേർക്കു നടന്ന ശാരീരിക പീഡനമാണെന്ന കാര്യം കണ്ടെത്തിയിരുന്നില്ല. ഇക്കഴിഞ്ഞ മേയ് 23നാണ് അഖിലയുടെ മകൻ അർഷിദ്, അമ്മയുടെ കാമുകനായ അഷ്‌ക്കറിന്റെ ക്രൂരമായ മർദനത്തെത്തുടർന്ന് മരിക്കുന്നത്. ഇയാൾ കുട്ടിയെ നിരന്തരം ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

അർഷിദിന്റെ മരണത്തിൽ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും കാരണമായിട്ടുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു. കുട്ടി നേരിടുന്ന പീഡനങ്ങളെക്കുറിച്ചും കൈകൾ രണ്ടും ഒടിഞ്ഞ നിലയിലാണെന്നതിനെക്കുറിച്ചും കുട്ടിയുടെ മുത്തശി റീന മേയ് 3ന് തന്നെ ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ചറിയിക്കുകുയം സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വലിയൊരു ക്രൂരതയെക്കുറിച്ച് പരാതി ലഭിച്ചിട്ടും അധികൃതർ യാതൊരു തരത്തിലുള്ള സംരക്ഷണ നടപടികളും സ്വീകരിച്ചില്ല എന്ന വിവരം പുറത്തു വന്നിരുന്നു. ഇക്കാര്യമാണ് ഹൈക്കോടതിയും ഇന്ന് ആരാഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!