പിണറായിയെ കെട്ടിപ്പിടിക്കാനില്ലെന്ന് രാഹുൽ; മോദിയെ കെട്ടിപ്പിടിച്ചത് കണ്ടെന്ന് പിണറായി; പോര്

Share our post

പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ സഖ്യയോഗത്തിലെ പരാമര്‍ശത്തിനെതിരെ  സി.പി.എമ്മും സി.പി.ഐയും.  രാഹുൽ, മോദിയെ കെട്ടിപിടിക്കുന്നത് കണ്ടിട്ടുണ്ടെന്നും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് രാഹുലും കോൺഗ്രസും സ്വീകരിക്കുന്നതെന്നും പിണറായി തിരിച്ചടിച്ചു. വിമര്‍ശനങ്ങളില്‍ അന്തസും നിലവാരവും പാലിക്കണമെന്ന് എം.എ.ബേബി പറഞ്ഞു.  യോഗത്തിലെ പ്രസംഗം പുറത്തുവിട്ടത് അപക്വമാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ്, പിണറായി വിജയനെ തനിക്ക് ആലിംഗനം ചെയ്യാനാവില്ലെന്നും കേരളത്തില്‍ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി  പറഞ്ഞത്. പ്രസംഗത്തിന്‍റെ പൂര്‍ണരൂപം രാഹുല്‍ ഇന്നലെ എക്സില്‍ പങ്കുവച്ചതോടെയാണ് പിണറായിയുടെ മറുപടി. താനും രാഹുലും പരസ്പരം വണങ്ങുകയാണ് ചെയ്യാറ്, രാഹുൽ മോദിയെ കെട്ടിപിടിക്കുന്നത് കണ്ടു,  രാഹുലും കോൺഗ്രസും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടില്‍, ഇത് ഇന്ത്യ മുന്നണിയെ സഹായിക്കുന്നതല്ല. പിണറായി പറഞ്ഞു.

രാഹുല്‍ വിമര്‍ശനങ്ങളില്‍ മര്യാദ പാലിക്കണമെന്ന് എം.എ.ബേബി. വിമര്‍ശനങ്ങളില്‍ അന്തസും നിലവാരവും വേണം,  ആലിംഗനം നിര്‍ബന്ധിച്ച് വാങ്ങില്ല, അത് പരസ്പര സ്നേഹത്തോടെ നല്‍കേണ്ടതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രസംഗം പുറത്തുവിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ എം.പി പി.സന്തോഷ് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ സമീപനം   അപക്വമെന്നും മനോരമ ന്യൂസിനോട് പറഞ്ഞു. 

രാഹുല്‍ ഗാന്ധി സിപിഎം – ബിജെപി ഡീല്‍ ആരോപണം ഉന്നയിച്ചതിനെതിരെ സി.പി.എമ്മും സി.പി.ഐയും ഇന്ത്യ സഖ്യയോഗത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി പ്രസംഗം പുറത്തുവിട്ടതോടെ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്.  ഓഗസ്റ്റില്‍ ചേരുന്ന സഖ്യ യോഗത്തിലും വിഷയം ചര്‍ച്ചയായേക്കും.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!