ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ കവറേജ് നടത്തുന്നതിന് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി പ്രവർത്തിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകർ താമസപരിധിയിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസറിൽനിന്നും സ്വഭാവ സർട്ടിഫിക്കറ്റും തങ്ങൾക്കെതിരെ കേസുകളോ മറ്റോ ഇല്ലായെന്നത് സംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പാനലിൽ ഉൾപ്പെടുത്തുന്നത്.
അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. പൂർണമല്ലാത്ത അപേക്ഷകൾ നിരസിക്കും. അപേക്ഷകൾ ഇമെയിലിൽ സ്വീകരിക്കുന്നതല്ല. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പിഒ, കണ്ണൂർ-2. ഫോൺ: 04972 700231
