ഒരു വാഹനത്തിന് ദിവസം 200 ലിറ്റർ ഡീസൽ; ഇന്ധനം വാങ്ങുന്നതിൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

Share our post

ന്യൂഡൽഹി: ഇന്ധനം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിൽപ്പനയിൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. പമ്പുകളിൽനിന്ന് ഒരു ദിവസം ഒരു വാഹനത്തിന് 200 ലിറ്റർ ഡീസൽമാത്രമേ അനുവദിക്കൂ. വൻകിട ഉപയോക്താക്കൾ പമ്പുകളിൽനിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തി.

90 ദിവസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കിൽ കാലാവധി നീട്ടും. പൊതുജനങ്ങൾക്ക് ഡീസൽ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വൻകിട ഉപയോക്താക്കൾക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളിൽനിന്നോ സ്വന്തം കൺസ്യൂമർ പമ്പുകളിൽനിന്നോ ഇന്ധനം ശേഖരിക്കാമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കി.

വാഹനങ്ങളുടെ ടാങ്കുകളിലോ അംഗീകൃത കാനുകളിലോ മാത്രമേ ഇന്ധനം നൽകാവൂവെന്നും നിർദേശമുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ, ഗാർഹിക എൽ.പി.ജി. എന്നിവയുടെ വിൽപ്പനയിൽ പ്രതിദിനം ഏകദേശം 500 കോടി രൂപയുടെ അധികഭാരം വഹിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

വിലവ്യത്യാസം കാരണം വൻകിട ഉപയോക്താക്കൾ പെട്രോൾ പമ്പുകളിൽനിന്ന് വൻതോതിൽ ഇന്ധനം വാങ്ങാൻ തുടങ്ങിയത് ചില മേഖലകളിൽ ദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്, പ്രത്യേകിച്ച് ഡീസലിന്. ചില്ലറവില്പന ഡീസലും മൊത്തവ്യാപാര ഡീസലും തമ്മിൽ ലിറ്ററിന് 40 രൂപയുടെ വ്യത്യാസമുണ്ട്.

ഡൽഹിയിൽ പെട്രോൾ പമ്പുകളിൽ ഡീസൽ ലിറ്ററിന് 95.20 രൂപയാണെങ്കിൽ മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ഇതാണ് വൻകിടക്കാരെ പെട്രോൾ പമ്പുകളിലേക്ക് ആകർഷിക്കുന്നത്. കാനുകളിലും മറ്റുമായി വലിയ അളവിൽ ഡീസൽ വാങ്ങി വീണ്ടും വിൽക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!