പ്രേംനസീറിന്റെ മൂത്ത മകള്‍ അന്തരിച്ചു; കബറടക്കം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്

Share our post

നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് അന്തരിച്ചു. 76വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മരണം സംഭവിച്ചത്. പറയഞ്ചേരി സോജിത് എന്ന വീട്ടിൽ ആയിരുന്നു സ്ഥിരതാമസം. 

1950 ഓഗസ്റ്റ് 24 ന് ചിറയിൻകീഴിൽ ആണ് ലൈല ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽപി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന ഓർമപുസ്തകം രചിച്ചിട്ടുണ്ട്. 

പ്രേംനസീറിന്റെ ചിറയിൻകീഴിലെ ഏറെ പ്രശസ്തമായ വീടിന്റെ പേര് മൂത്ത മകളുടെ പേരിനെ സൂചിപ്പിക്കുന്ന ‘ലൈല കോട്ടേജ്’ എന്നാണ്. 1956 ൽ ആണ് പ്രേംനസീർ ഈ വീട് നിർമിക്കുന്നത്. പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പിഡബ്ലിയുഡി) ആണ് ഭർത്താവ്. സജിത് ഖാൻ (ആർകിടെക്ട്, ഓസ്ട്രേലിയ), സോജ(കോയമ്പത്തൂർ) എന്നിവർ മക്കളാണ്. മരുമക്കൾ: വി.നൗഷാദ്(മാനേജിങ് ഡയറക്ടർ, വാക്കറൂ), നസ്രീൻ(ഓസ്ട്രേലിയ). 

ഭൗതികശരീരം കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ ഷാനവാസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!