വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന രൂപം, കുളത്തിന് മുകളില്‍ ഗോളം; പിന്നില്‍ എന്ത്? പെന്‍റഗൺ ഫയല്‍സ് പറയുന്നത്
ഈ വര്‍ഷം ഫെബ്രുവരി. വടക്കുകിഴക്കന്‍ അമേരിക്ക. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം കണ്ടാണ് രണ്ടുപേര്‍ പുറത്തേക്ക് ഓടിവന്നത്. വീടിന് മുന്നില്‍ മുന്‍പെങ്ങും കാണാത്ത അത്ര ചുവന്ന പ്രകാശം. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു വസ്തുവില്‍ നിന്നാണ് പ്രകാശം പുറത്തുവരുന്നത്. അതിനാണെങ്കില്‍ മൂന്നടി നീളം കൃത്യം മധ്യത്തില്‍ ബാസ്കറ്റ് ബോള്‍ പോലെ സൂര്യനെപ്പോലെ മറ്റൊരു
ഗോളം. രണ്ടുപേരും ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഗോളം ഒറ്റയ്ക്കല്ല അത് മറ്റൊന്നുമായി കൂട്ടിക്കെട്ടിയ നിലയില്‍. അന്നത് ഒറ്റപ്പെട്ട കാഴ്ചയായിരുന്നു. രണ്ടുപേരുടെയും ജീവിതത്തിലെ ആദ്യ സംഭവം. പക്ഷെ ആഴ്ചകള്‍ക്ക് ശേഷം ഇത്തരത്തിലുള്ള നിരവധി ഗോളങ്ങള്‍ ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്നു. കളിയായാലും കഥയായാലും കാര്യമായാലും കഴിഞ്ഞദിവസം പെന്റഗണ്‍ പുറത്തുവിട്ട അന്യഗ്രഹ ജീവികളെ പറ്റിയുള്ള രേഖകളിലുള്ള മൊഴിയാണിത്. രേഖകള്‍ വായിക്കുംതോറും കൂടുതല്‍ വിചിത്രവും ഭീതിപ്പെടുത്തുന്നതുമായ കൂടുതല്‍ സാക്ഷ്യമൊഴികളാണ് ബാക്കി.
കൃത്യം ഒരുവര്‍ഷം മുന്‍പ്. ആദ്യ സംഭവം നടന്നതിന്റ അത്ര ദൂരെയല്ലാത്ത മറ്റൊരു സ്ഥലത്ത് കണ്ടത് മൂന്ന് വിചിത്ര കാഴ്ചകളാണ്. വീടിന് പിന്നില്‍ അതിവേഗത്തില്‍ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന മൂന്ന് ഗോളങ്ങള്‍. ചുവന്ന, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള വലിയ മൂന്ന് ഗോളങ്ങള്‍. മറ്റൊന്ന് സ്വയം തിരിയുന്ന വലിയ മറ്റൊരു ചുവന്ന ഗോളം, വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന മറ്റൊരു രൂപം. ഈ നാല് സംഭവങ്ങളും കണ്ടതാകട്ടെ വെറും 25 മൈല്‍ ചുറ്റളവില്‍.
