നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് യുഡിഎഫ് സർക്കാരിന്റെ അനാസ്ഥ; വീണാ ജോർജ്

Share our post

പത്തനംതിട്ട: നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാന്‍ കഴിയാത്തത് ഗുരുതരമായ കാര്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലാ എന്ന് വീണാ ജോർജ് ചോദിച്ചു. മരുന്ന് സ്‌റ്റോക്ക് ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും വീണാ ജോര്‍ജ് ചോദിച്ചു. യുഡിഎഫ് സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം.

‘മുന്‍പ് നിപ സ്ഥിരീകരിച്ചപ്പോള്‍ മന്ത്രി എന്ന നിലയില്‍ ഉടന്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പത്തനംതിട്ട ആയാലും തിരുവനന്തപുരം ആയാലും ഉടന്‍ ഞാന്‍ കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. രോഗിയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമം നടത്തണം. ദിവസങ്ങള്‍ പിന്നിട്ടിട്ടും മരുന്ന് എത്തിക്കാന്‍ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്’; വീണാ ജോര്‍ജ് പറഞ്ഞു.

പകര്‍ച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഡയറക്ടറെ മാറ്റിയത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച്ചയാണെന്നും അവർ അഭിപ്രായപ്പെട്ടു. മകളുടെ വിവാഹത്തിന് പോലും അധികം അവധി എടുത്തിട്ടില്ലാത്തയാളായിരുന്നു ഡോ. റീനയെന്നും ഭരിക്കുന്നത് ആരായാലും ജോലിയോട് ആത്മാര്‍ത്ഥതയുളള ഉദ്യോഗസ്ഥയായിരുന്നു അവരെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഡോ. റീനയെ തരംതാഴ്ത്താന്‍ തക്കവണ്ണം എന്ത് കുറ്റമാണ് അവര്‍ ചെയ്തതെന്ന് ചോദിച്ച വീണ, ഇത്തരം നടപടികള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും പറഞ്ഞു. അഞ്ച് വര്‍ഷക്കാലം താന്‍ വേട്ടയാടലിന് ഇരയായെന്നും ശരി എന്തായിരുന്നു എന്നുളളത് കാലം തെളിയിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ മാറ്റിയത്. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിൽ. പകർച്ച വ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തതിൽ കെ മുരളീധരൻ കടുത്ത അതൃപ്തിയിലായിരുന്നു. അതിന് പിന്നാലെയാണ് ഡോ. റീനയ്‌ക്കെതിരെ നടപടി എടുത്തത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!