പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം ഒരുങ്ങും; പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ഭാവി തലമുറയ്ക്ക് പഠിക്കാന്‍ ഇടം ഉണ്ടാകണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17ാം ചരമവാര്‍ഷികമായിരുന്നു ഇന്ന്. പാണക്കാട് തങ്ങളുടെ ഓര്മ ദിവസത്തില്‍ വൈകാരികമായ ഓര്മക്കുറിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പങ്കുവെച്ചത്. അല്‍ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങള്‍ നാട്ടിലെത്തിയത് മുതല്‍ ഒരുമിച്ചുണ്ടായ ബന്ധമാണ് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട് തങ്ങള്‍ ഒരേ സമയം വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയിലടക്കം സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ശിഹാബ് തങ്ങള്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി ഓര്‍മിച്ചു.
‘പ്രതിസന്ധി ഘട്ടങ്ങളിലും പ്രകോപനങ്ങളിലും പതറാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ നാം പലതവണ നേരിട്ടനുഭവിച്ചു. ബാബറി മസ്ജിദ് വിഷയത്തില്‍ ഉള്‍പ്പെടെ ഉണ്ടായ തീരുമാനങ്ങളും നിലപാടുകളും പിന്നീട് ചരിത്രത്തെ തന്നെ നിര്‍ണയിച്ചത് നമ്മള് കണ്ടതാണ്. എന്ത് വിലകൊടുത്താലും സമാധാനവും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ പതിഞ്ഞതും ദൃഢമുള്ളതുമായ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിന്നീട് കാലം ശരിവെച്ച പൊന്നിന് തിളക്കമുള്ള ആ തീരുമാനങ്ങളുടേയും നിര്‍ദ്ദേശങ്ങളുടെയും ആദ്യ കേള്‍വിക്കാരനാകാനും അതിന്റെ കൈകാര്യക്കാരനാകാന് തങ്ങളാല്‍ ഏല്പ്പിക്കപ്പെട്ടവനാകാനും ഉണ്ടായ അവസരങ്ങള്‍ ജീവിതത്തിലെ മഹത്തായ സൗഭാഗ്യങ്ങളായിരുന്നു. തങ്ങളില്ലാത്ത കാലത്തിന് ദൈര്ഘ്യമേറുമ്പോഴും ആ ഓര്‍മകള്‍ക്ക് കനം കൂടി വരികയാണ്. ആ വലിയ മനുഷ്യന് പകര്‍ന്നുനല്‍കിയ പാഠങ്ങളും സ്നേഹവും ഓര്‍മ്മകളും തന്നെയാണ് മുന്നോട്ട് നടക്കാന്‍ തനിക്ക് കരുത്താകുന്നതെന്നും അദ്ദേഹം കുറിച്ചു.
