കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; വയനാട് രോഗ ബാധിതരുടെ എണ്ണം 16 ആയി

Share our post

കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ വര്‍ധിക്കുന്നു. വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി. ഷിഗെല്ല കേസുകളിൽ ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്. 114 പേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.

നിലവില്‍ 502 കുട്ടികളാണ് കോളിയാടിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!