പ്രധാനമന്ത്രിപദത്തിൽ മോദിയുടെ 4399-ാംദിനം; മറികടക്കുന്നത് നെഹ്റുവിന്റെ റെക്കോഡ്

Share our post

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് ബുധനാഴ്ച നരേന്ദ്രമോദി സ്വന്തമാക്കും. പ്രധാനമന്ത്രിപദവിയിൽ 4399 ദിവസമാണ് അദ്ദേഹം പൂർത്തിയാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ റെക്കോഡാണ് (4398 ദിവസം) മോദി മറികടക്കുന്നത്.

എന്നാൽ, ഏറ്റവും കൂടുതൽക്കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോഡ് ഇപ്പോഴും നെഹ്റുവിന്റെ പേരിലാണ്; 6130 ദിവസം. ഇന്ത്യ സ്വതന്ത്രയായതിനുപിന്നാലെ 1947 ഓഗസ്റ്റ് 15-നാണ് നെഹ്റു ആദ്യം പ്രധാനമന്ത്രിയായത്. അത് തിരഞ്ഞെടുപ്പിലൂടെയായിരുന്നില്ല. 1947 മുതൽ ’52 വരെ ഇടക്കാലസർക്കാരിനാണ് അദ്ദേഹം നേതൃത്വം നൽകിയത്.

1952-ലാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. ആ വർഷം മേയ് 13 മുതൽ 1964 മേയ് 27-ന്‌ അന്തരിക്കുംവരെ നെഹ്റുവായിരുന്നു പ്രധാനമന്ത്രി. 2014 മേയ് 26-നാണ് മോദി ആദ്യം പ്രധാനമന്ത്രിയായത്. കഴിഞ്ഞവർഷം ജൂലായിൽ അദ്ദേഹം മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ റെക്കോഡ് മറികടന്നിരുന്നു.

1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4077 ദിവസമാണ് ഇന്ദിര പ്രധാനമന്ത്രിയായിരുന്നത്. പിന്നീട് 1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31-ന് വെടിയേറ്റുമരിക്കുംവരെയും അവർ പ്രധാനമന്ത്രിപദത്തിലിരുന്നു. ആകെ 5829 ദിവസം. മോദി സർക്കാർ അധികാരത്തിൽ 12 വർഷവും പിന്നിട്ടു.

വെല്ലുവിളികൾക്കിടയിലും മോദി മാറ്റത്തിന്റെ അജൻഡ നടപ്പാക്കി -കരൺ സിങ് 

 ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടിട്ടും, ജനാധിപത്യ ഭരണസംവിധാനം നിലനിർത്തിക്കൊണ്ട് മാറ്റത്തിന്റെ അജൻഡ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നരേന്ദ്ര മോദി വിജയിച്ചെന്ന് മുൻ എം.പി. കരൺ സിങ്. പ്രധാനമന്ത്രിപദത്തിൽ മോദി 4399 ദിനം തികയ്ക്കുന്നതിന്‍റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് ഈ പ്രശംസ.

ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിനെയും കരൺ സിങ് സ്മരിച്ചു. വിശാലവും വൈവിധ്യപൂർണവുമായ ഉപഭൂഖണ്ഡത്തെ പ്രവർത്തനക്ഷമമായ ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റിയതാണ് നെഹ്റുവിന്റെ ഏറ്റവുംവലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്‌റുവാണ് ആദ്യ ഐ.ഐ.ടി.കളും എയിംസും സ്ഥാപിച്ചത്. നരേന്ദ്ര മോദിയുടെ കാലത്ത് ഐ.ഐ.ടി.കൾ, എയിംസുകൾ, ഐ.ഐ.എമ്മുകൾ എന്നിവയുടെ എണ്ണം ഗണ്യമായി വർധിച്ചു. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

നോട്ട് അസാധുവാക്കലും ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതും അതിൽപ്പെടുന്നു. എന്നിരുന്നാലും, താൻ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ നരേന്ദ്ര മോദി ദൃഢനിശ്ചയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കരൺ സിങ് അഭിപ്രായപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!