‘വാര്‍ത്ത മുക്കുന്നത് ഭീരുത്വം, ഇവരുടെ വാക്കും പഴയ ചാക്കും ഒന്ന് പോലെ’; മുഖ്യമന്ത്രിക്കെതിരെ വി കെ സനോജ്
തിരുവനന്തപുരം: കാസര്‍കോട് നിന്ന് എംഡിഎംഎയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അംഗങ്ങളെ അറസ്റ്റ് ചെയ്‌തെന്നും കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേന്ദ്രത്തെ സ്വാധീനിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയെന്നും സനോജ് വിമര്‍ശിച്ചു. പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാര്‍ത്ത മുക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ‘മുന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയിരുന്നു പിടിയില്‍ ആയതെങ്കിലോ? മുഖ്യമന്ത്രിയുടെ ആരാധകന്‍ പിടിയില്‍ എന്ന് ഒരു പത്രം 8ാം പേജില്‍ വാര്‍ത്ത നല്‍കി. ഒ ജെ ജനീഷ് നടത്തിയത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. പ്രതികള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ് പറഞ്ഞത്. എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇവരെ പുറത്താക്കി. മന്ത്രി പറയുന്നു ഇവര്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരല്ല എന്ന്’, വി കെ സനോജ് പറഞ്ഞു.
പി എം ശ്രീ അറബി കടലില്‍ കളയും എന്ന് പറഞ്ഞവര്‍ അതിന് പിന്നാലെ നടക്കുന്നുവെന്നും വി കെ സനോജ് വിമര്‍ശിച്ചു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്ന് പറഞ്ഞവര്‍ എല്ലാ തിണ്ണയും നിരങ്ങി. ഇവരുടെ വാക്കും പഴേ ചാക്കും ഒന്ന് പോലെയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ബിജെപിയെ പ്രീതിപ്പെടുത്താനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നതെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍പാടിയെന്നും സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അംഗങ്ങളെ നിറച്ചെന്നും വി കെ സനോജ് വിമർശിച്ചു.
