അര്ജുന് ആയങ്കിയെ തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു
കണ്ണൂര്‍: സൈബർ പൊലീസിന്റെ കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയെ തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു. ഒളിവില്‍ കഴിഞ്ഞ സമയത്ത് പോയ വഴികളിലൂടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരള പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ അർജുൻ ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവാണ് മൊബൈല്‍ ഫോണ്‍. കണ്ണൂര്‍ സൈബർ പൊലീസിന്റെ തെളിവെടുപ്പിനിടെ ആയങ്കിയുടെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. താൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതെന്ന് ആയങ്കി മൊഴി നൽകിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചെന്നും ആയങ്കി മൊഴി നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും ആയങ്കിയെ കൊണ്ട് പോകും. കസ്റ്റഡിയിലെടുത്ത ഫോണുകളും ലാപ്ടോപ്പും ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടത് അറസ്റ്റ് ചെയ്തപ്പോള്‍ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ലെന്ന നിയമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് കസ്റ്റഡി കാലാവധി.
അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി. വളപട്ടണം ഇൻസ്പെക്ടറാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.
ഇന്നലെ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. അതേസമയം, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
അര്ജുന് ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്ജുന് ആയങ്കി ഇപ്പോള്‍ റിമൻഡിൽ കഴിയുന്നത്. അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു പൊലീസ് മടങ്ങിയത്. കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ്.
