നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയായിരുന്നു അതിജീവിത പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു. പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡില്‍ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്. 2018 ജനുവരി 9-ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മെമ്മറി കാര്‍ഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 2019 നവംബര്‍ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ദൃശ്യം പകര്‍ത്താന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എഫ്എസ്എല് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാര്‍ഡ് പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസില്‍ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങള്‍ കാണിച്ചത്.
ഇത്തരത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചായിരുന്നു ശിരസ്ത്ദാര്‍ താജുദ്ദീനെ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു. താജുദ്ദീന് സ്വന്തം മൊബൈലില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി നല്‍കിയത്. അതേസമയം, വിചാരണക്കോടതിയില്‍ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതില്‍ ദുരൂഹതയെന്നായിരുന്നു അതിജീവിതയുടെ ആരോപണം.
