സ്ലീപ്പർ കോച്ചിലും പുകവലിച്ചാൽ ഇനി വണ്ടി നിൽക്കും, കേസും ഫൈനും പിന്നാലെ
പയ്യന്നൂർ: യാത്രയ്ക്കിടയിലെ പുകവലിയും അതുമൂലമുള്ള തീപ്പിടിത്തവും തടയുന്ന സംവിധാനം സ്ലീപ്പർ കോച്ചിലേക്കും വ്യാപിപ്പിക്കാൻ റെയിൽവേ. തീപ്പിടിത്തം കൂടിവരുന്ന സാഹചര്യത്തിലാണ് ഫയർ ഡിറ്റക്‌ഷൻ സിസ്റ്റം (എഫ്.ഡി.എസ്.) സാധാരണ കോച്ചുകളിലും അതിന്റെ ശൗചാലയങ്ങളിലും സ്ഥാപിക്കാൻ തീരുമാനിച്ചത്. പുക ഉയർന്നാൽ സെൻസർ പ്രവർത്തിച്ച് വണ്ടി നിൽക്കും.
രാജ്യത്ത് വന്ദേഭാരത് എക്സ്‌പ്രസിലെ ശൗചാലയങ്ങളിൽ മാത്രമാണ് ആദ്യം എഫ്.ഡി.എസ്. ഉണ്ടായിരുന്നത്. പിന്നീട് അത് എ.സി.കോച്ചിലും അതിന്റെ ശൗചാലയങ്ങളിലും വന്നു. പഴയ കോച്ചുകളിൽ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് എഫ്.ഡി.എസ്. വെക്കുന്നത്. ഇപ്പോൾ എൽ.എച്ച്.ബി. നിർമിത കോച്ചുകൾ പുറത്തിറക്കുന്നത് സെൻസർ സംവിധാനവുമായാണ്. പുകവലി ശീലമുളളവർ വണ്ടിക്കുള്ളിൽ അത് അടക്കിപ്പിടിച്ചേ മതിയാകൂ. ഇല്ലെങ്കിൽ പിഴയ്ക്കൊപ്പം വണ്ടി വൈകലിനും അത് കാരണമാകും. വണ്ടിക്കുള്ളിലെ സാങ്കേതികവിഭാഗം ജീവനക്കാർ കോച്ച് കണ്ടെത്തി തീയില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ വീണ്ടും യാത്ര തുടരാനാകൂ. വണ്ടി അകാരണമായി നിർത്തിയതിന്റെ പേരിൽ ആർ.പി.എഫിന് മറ്റു വകുപ്പുകളും ചേർത്ത് പുകവലിച്ചയാളുടെ പേരിൽ കേസെടുത്ത് കോടതിക്ക് കൈമാറാനും കഴിയും.
