ഷോക്കേറ്റ് മരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണം കൂടുന്നു;6 വർഷത്തിനിടെ 98 പേർ, 54 പേരും കരാർ ജീവനക്കാർ
ഒറ്റപ്പാലം: സംസ്ഥാനത്ത് ജോലിക്കിടെ ഷോക്കേറ്റ് മരിക്കുന്ന കെ.എസ്.ഇ.ബി. ജീവനക്കാരുടെ എണ്ണം കൂടുന്നു. 2019 മുതൽ 2025വരെയുള്ള കാലയളവിൽ 98 കെ.എസ്.ഇ.ബി. ജീവനക്കാരാണ് ഷോക്കേറ്റ് മരിച്ചതെന്നാണ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്ക്.
2024-2025 വർഷത്തിൽ കരാർ-സ്ഥിരം ജീവനക്കാരുൾപ്പെടെ 19 പേർ ഷോക്കേറ്റ് മരിച്ചു. 35പേർക്ക് ഈ കാലയളവിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം പാലക്കാട് മുടപ്പല്ലൂരിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചിരുന്നു. അടിമാലിയിൽ ടച്ച് വെട്ട് ജോലിക്കെത്തിയ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചതും കഴിഞ്ഞ ദിവസമാണ്.
ആറുവർഷത്തിനിടെ മരിച്ചവരിൽ 54 പേരും കരാർ ജീവനക്കാരാണ്. മരിച്ച സ്ഥിരംജീവനക്കാർ 44 പേരാണ്. 167 കരാർ ജീവനക്കാരുൾപ്പെടെ 274 പേർക്ക് ഗുരുതര പരിക്കേൽക്കയും ചെയ്തു. ആറുവർഷത്തെ കണക്കെടുക്കുമ്പോൾ 2021-2022 കാലഘട്ടത്തിലും 2024-2025 കാലഘട്ടത്തിലുമാണ് മരണസംഖ്യ ഉയർന്നത്. 2021-2022 കാലത്ത് 22 പേർക്ക് ജീവൻ നഷ്ടമായി. കൂടുതൽപേരും ലൈനിൽനിന്ന് ഷോക്കേറ്റ് പോസ്റ്റിൽനിന്ന് താഴെ വീണാണ് മരിച്ചത്. പോസ്റ്റ് സ്ഥാപിക്കുമ്പോഴുൾപ്പെടെ വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽനിന്ന് ഷോക്കേൽക്കുന്ന സാഹചര്യമുണ്ട്. പോസ്റ്റ് വീഴാതിരിക്കാൻ സ്ഥാപിക്കുന്ന സ്റ്റേവയറിൽനിന്ന് ഷോക്കേറ്റ് മരിച്ചവരുമുണ്ട്.
ജീവനക്കാർ സുരക്ഷാ ഉപാധികളും നടപടികളും കൃത്യമായി പാലിക്കണമെന്നും കൃത്യമായ മേൽനോട്ടം ഓരോ നടപടിക്കും ഉറപ്പാക്കണമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, മഴക്കാലം തുടങ്ങിയാൽ വൈദ്യുതി പ്രശ്‌നങ്ങളുടെ വർധനമൂലം ജീവനക്കാരുടെ കുറവുണ്ടാകുന്നതും ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
