ലീഗിൽ ഭിന്നത; കാവുമ്പടി സിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ പിടിച്ചെടുക്കാൻ ഒരുവിഭാഗം രംഗത്ത്
മട്ടന്നൂർ: മുൻ മുഖ്യമരന്തിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ തില്ലങ്കേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവുമ്പടി സി. എച്ച്.എം മുഹമ്മദ് കോയ മെമ്മോറിയൽ എഡ്യുക്കേഷണൽ ഡെലവപ്പ് മെന്‍റ് കമ്മിറ്റിയും ഹയർ സെക്കൻഡറി സ്കൂളും പിടിച്ചെടുക്കാൻ മുസ്ലിം ലീഗിലെ ഒരു വിഭാഗം രംഗത്ത്. ഏറെ നാളായി നടത്തിവരുന്ന നീക്കം വിജയിക്കാതെ വന്നതോടെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ കൂട്ടുപിടിച്ചാണ് ഇപ്പോഴത്തെ ശ്രമം. ഇതിന്‍റെ ഭാഗമായി ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം 26ന് വിളിച്ചു ചേർക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കണ്ണൂർ ഡെപ്യൂട്ടി ഡയരക്ടർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒരാഴ്ച മുമ്പാണ് സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ എഡ്യുക്കേഷൻ ഡവലപ്മെന്‍റ് കമ്മിറ്റിയുടെ 2026-29 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തത്. ടി.സലാമിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് ലീഗ് ജില്ലാ നേതാവ് അൻസാരി തില്ലങ്കേരി പ്രസിഡന്‍റും ടി.മജീദ് ജനറൽ സെക്രട്ടറി കം മാനേജരും ടി.മമ്മി ട്രഷററുമായ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
തില്ലങ്കേരിയിലെ മുസ്ലിംലീഗ് നേതാവ് പി.കെ.കുട്ട്യാലി നൽകിയ പരാതിയിലാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍റെ ഇടപെടലുണ്ടായത്.
ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ എല്ലാ അംഗങ്ങളുടെയും ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിരിക്കുകയാണെന്ന് കണ്ണൂർ ഡിഡിഇ, തലശേരി ഡിഇഒയ്ക്ക് നൽകിയ കത്തിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 26ന് രാവിലെ 10.30ന് സ്കൂളിൽ ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും കത്തിലുണ്ട്. യോഗത്തിൽ സ്കൂൾ സംബന്ധിച്ച ഫയലുകൾ സഹിതം സെക്ഷൻ ക്ലാർക്ക്, സൂപ്രണ്ട്, പേഴ്സണൻ അസിസ്റ്റൻറ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ നിർബന്ധമായും ഹാജരാകണമെന്നും കത്തിലുണ്ട്.
പരാതിക്കാരനാായ പി.കെ. കുട്ട്യാലി, മന്ത്രി കെ. എം. ഷാജിക്ക് ഉപയോഗിക്കാൻ ആഡംബര കാർ സൗജന്യമായി നൽകി വിവാദമായ റിയാദിലെ വ്യവസായി കാവുമ്പടിയിലെ വി യാക്കൂബ് എന്നിവർ ഉൾപ്പെടെ 22 പേരെയും ഉൾപ്പെടുത്തി ജനറൽ ബോഡി യോഗം വിളിക്കാനാണ് തീരുമാനം. മന്ത്രി കെ.എം.ഷാജിയുടെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ആഡംബര കാർ ഉപയോഗിക്കാൻ നൽകിയതിനുള്ള പ്രത്യുപകാരമാണ് ഇതെന്നും ആക്ഷേപമുണ്ട്.
1991ലാണ് കാവുമ്പടി സി. എച്ച്. എം മുഹമ്മദ് കോയ മെമ്മോറിയൽ എഡ്യുക്കേഷണൽ ഡെലവപ്പ്മെന്റ് കമ്മിറ്റി രൂപീകരിച്ചത്. 1995ൽ കമ്മിറ്റിയുടെ കീഴിൽ സ്കൂളും തുടങ്ങി. 32 പേരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവർക്ക് പുറമെ മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്‍റ്, മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് എന്നിവരും അംഗങ്ങളാണ്. ഇക്കാലയളവിൽ ചില അംഗങ്ങൾ മരണപ്പെട്ടതിനെ തുടർന്ന് അവരുടെ അവകാശികളെ ഉൾപ്പെടുത്തി.
കമ്മിറ്റിക്കെതിരെ ഒരു വിഭാഗം ഹൈകോടതിയെ വരെ സമീപിച്ചു. ഇടതു സർക്കാരിന്‍റെ കാലത്തായിരുന്നു ഇത്. ഫയലുകൾ പരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന നിർദേശമാണ് ഹൈകോടതി സർക്കാരിന് നൽകിയത്. ഫയലുകൾ പരിശോധിച്ച സർക്കാർ 32 പേരാണ് യഥാർഥ കമ്മിറ്റി അംഗങ്ങളെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ തെരഞ്ഞെടുപ്പും തെഞ്ഞെടുക്കപ്പെട്ട മാനേജരെയും സർക്കാർ അംഗീകരിച്ചു. 32 കമ്മിറ്റി അംഗങ്ങളിൽനിന്നാണ് ഇതുവരെ മാനേജരെ തെരഞ്ഞെടുത്തിരുന്നത്. അതിനിടെയാണ് 22 പേരെ കൂടി അംഗങ്ങളാക്കണമെന്ന പരാതിയിൽ ഒരുവിഭാഗത്തിന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തുവന്നത്. മുസ്ലിം ലീഗിന്‍റെ ജില്ലാ നേതൃത്വവുമായി ആലോചിക്കാതെയുള്ള മന്ത്രിയുടെ നിലപാടിൽ മുസ്ലിം ലീഗിൽ അമർഷം പുകയുന്നുണ്ട്.
അതേസമയം 2009 ഏപ്രിൽ അഞ്ചിന്‍റെ ജനറൽ ബോഡി യോഗത്തിന്‍റെ തീരുമാന പ്രകാരം 20 അംഗങ്ങളെയും 2014 ഏപ്രിൽ 15 നു നടന്ന ജനറൽ ബോഡി യോഗ തീരുമാന പ്രകാരം മറ്റ് 20 മെമ്പർമാരെയും കമ്മിറ്റിയിലെ അംഗങ്ങളായി ചേർത്തിരുന്നതായി പി.കെ. കുട്ട്യാലി നൽകിയ പരാതിയിൽ പറയുന്നു. മുമ്പുള്ള അംഗങ്ങൾ അടക്കം 2014 ഓടുകൂടി ആകെ കമ്മിറ്റിയിൽ 75മെമ്പർമാരുണ്ടെന്നും ഈ അംഗങ്ങളെല്ലാം എല്ലാവർഷവും വരി സംഖ്യ അടച്ചുവരുന്നുണ്ടെന്നും പരാതിയിലുണ്ട്.
