ചോദ്യപേപ്പർ ചോർച്ച; കർമസമിതിയുടെ അധ്യക്ഷൻ നന്ദൻ നിലേകാനി
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉന്നതതല കർമസമിതിയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകനും യുഐഡിഎഐ (ആധാർ) മുൻ ചെയർമാനുമായ നന്ദൻ നിലേകാനിയാണ് കർമ സമിതിയുടെ അധ്യക്ഷൻ.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനും നിലവിലെ വ്യവസ്ഥിതിയിലെ പോരായ്മകൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ മത്സരപ്പരീക്ഷകളും പ്രവേശന പരീക്ഷകളും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമിതി സർക്കാരിന് സമർപ്പിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അടുത്തിടെ വിവിധ ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. നന്ദൻ നിലേകാനിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഭാഗമാകുമെന്നാണ് വിവരം.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയെന്ന നിലയിലാണ് പുതിയ ദൗത്യത്തിനായി നന്ദൻ നിലേകനിയെ പ്രധാനമന്ത്രി നിയോഗിച്ചിരിക്കുന്നത്.
