കളിക്കുന്നതിനിടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഓണായി നീങ്ങി; നാല് വയസുകാരിയും ഓട്ടോറിക്ഷയും കിണറ്റിൽവീണു
പന്നിത്തടം: മരത്തംകോട് ഇലട്രിക് ഓട്ടോറിക്ഷയോടൊപ്പം കിണറ്റിൽ വീണ നാലു വയസ്സുകാരി നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കിടങ്ങൂരിൽ ചിറ്റിലപ്പിള്ളി വിന്നിയുടേയും സീമയുടേയും മകൾ എൽസിക്കാണ് പരിക്കേറ്റത്.
സീമയുടെ പിതാവ് ഔസി ഓടിക്കുന്ന ഓട്ടോറിക്ഷയാണിത്. ഉച്ചയ്ക്ക് രണ്ടരയോടെ ഊണുകഴിക്കാനെത്തി വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കുട്ടി കയറി കളിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഓണായി മുന്നോട്ടു നീങ്ങുകയും മുറ്റത്തെ കിണറ്റിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.
ഓട്ടോറിക്ഷയുടെ മുൻഭാഗം വെള്ളത്തിൽ മുട്ടിയെങ്കിലും കുട്ടിയുടെ ഉടുപ്പ് ഡോറിൽ കുടുങ്ങിയതിനാൽ വെള്ളത്തിലേക്ക് വീണില്ല. അയൽപക്കത്ത് വളർത്തുമൃഗങ്ങൾക്ക് പുല്ലുപറിക്കാനെത്തിയ മോഹനൻ സംഭവം അറിഞ്ഞയുടൻ ഓടിയെത്തി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെത്തിച്ചു.
തുടർന്ന് നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുന്നംകുളം അഗ്നിരക്ഷാസേനയെത്തി ഓട്ടോറിക്ഷ പുറത്തെത്തിച്ചു. മാതാപിതാക്കൾ ബെംഗളൂരുവിലായതിനാൽ സീമയുടെ മാതാപിതാക്കളാണ് കുട്ടിയെ പരിചരിക്കുന്നത്.
