ഓപ്പറേഷന് തൂഫാന്; ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാനില്‍ ലഹരിക്കേസില്‍ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസിന് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കും. കൂടാതെ സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധനയ്ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. അയല്‍ സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ പിടികൂടാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനായി മറ്റ് ഡിജിപിമാരുമായി ആശയവിനിമയം നടത്തും. സാമൂഹ്യ മാധ്യമങ്ങളിലെ വില്പന ഒഴിവാക്കാന്‍ സൈബര്‍ പട്രോളിംങും ഉറപ്പാക്കും.
കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും അവരുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് ദൗത്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയ്ക്കെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതി ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഓപ്പറേഷന് തൂഫാന് എക്സൈസ് വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവും പറഞ്ഞു. സമാന്തരമായി എക്സൈസും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എക്സൈസിന്റെ നിലവിലുളള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
