പരീക്ഷാ ക്രമക്കേട് തടയാനുള്ള നിയമം; വ്യവസ്ഥകളിലാകെ ആശയക്കുഴപ്പം

Share our post

ന്യൂഡൽഹി : ദേശീയ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കുള്ള ശിക്ഷ വർധിപ്പിക്കാനും വിചാരണയ്ക്ക് അതിവേഗ കോടതികൾ സ്ഥാപിക്കാനുമുള്ള ബിൽ പാർലമെന്റ് വേഗത്തിൽ പാസാക്കി, വിജ്ഞാപനം ചെയ്തു നിയമമാക്കി. 2024ൽ പാസാക്കിയ നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചത്. വിദ്യാർഥിപ്രക്ഷോഭം തണുപ്പിക്കാനുള്ള മാർ‍ഗങ്ങളുടെ ഭാഗമായിരുന്നു ഈ നിയമനിർമാണം. പാർലമെന്ററി സമിതിയുടെ പരിശോധനയിലൂടെ ഭേദഗതികൾക്കു സമഗ്രസ്വഭാവം ഉറപ്പാക്കാതെ, ഇത്ര വേഗത്തിൽ നിയമം പരിഷ്കരിച്ചതു വിമർശിക്കപ്പെടുന്നുണ്ട്.

യുപിഎസ്‌സി, സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്‌ഷൻ, കേന്ദ്ര സർക്കാരിന്റെ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും മറ്റും നിയമനത്തിനുള്ള പരീക്ഷകൾ, ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) എന്നിവയുടെ പ്രവേശന പരീക്ഷകളാണ് 2024ലെ നിയമത്തിന്റെ പരിധിയിലുള്ളത്. ഈ വ്യവസ്ഥയിൽ മാറ്റമില്ല.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു നിയമത്തിനുള്ള ശ്രമം വിജയിച്ചില്ല. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ഒഡീഷ, രാജസ്ഥാൻ, യുപി, ഗുജറാത്ത്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമമുണ്ട്. ഇപ്പോൾ പരിഷ്കരിച്ച നിയമമനുസരിച്ച്, പരീക്ഷാ ക്രമക്കേട് കേസുകളിൽ 2 മാസത്തിനകം അന്വേഷണവും, കുറ്റപത്രം നൽകി 3 മാസത്തിനകം അതിവേഗ കോടതിയിലെ വിചാരണയും പൂർത്തിയാക്കണം.

വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് കഴിവതും 3 മാസത്തിനകം പൂർത്തിയാക്കണം. അപ്പീൽ നൽകാൻ, വിധി വന്ന് 30 ദിവസം സമയം. തക്കതായ കാരണമുണ്ടെങ്കിൽ 90 ദിവസം അനുവദിക്കാം.

എന്നാൽ, പല സംസ്ഥാനങ്ങളിലേക്കുൾപ്പെടെ നീളാവുന്ന അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് നിയമത്തിലില്ല. വിചാരണ പൂർത്തിയാക്കാൻ കോടതിക്ക് സമയപരിധി നിശ്ചയിക്കുന്നത് നിയമപരമാണോയെന്ന ചോദ്യവുമുണ്ട്. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലും പോക്സോ നിയമത്തിലും ഇത്തരത്തിൽ സമയപരിധിയുണ്ട്.

എന്നാൽ, 2002ലെ പി.രാമചന്ദ്ര റാവു – കർണാടക സർക്കാർ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചത് കോടതി നടപടികൾക്കു സമയപരിധി വയ്ക്കാൻ പാടില്ലെന്നാണ്. വേഗത്തിലുള്ള വിചാരണ കക്ഷികളുടെ അവകാശമാണെന്നും അതു സാധ്യമാക്കാൻ കോടതികൾക്കുതന്നെ അധികാരമുണ്ടെന്നും വിധിയിൽ വിശദീകരിച്ചിരുന്നു.

അതിവേഗ കോടതി സ്ഥാപിക്കാൻ പുതിയ വ്യവസ്ഥ വേണ്ടതുണ്ടോ എന്ന ചോദ്യവും ഉയർന്നു. ഈ വർഷത്തെ നീറ്റ്–യുജി ചോദ്യച്ചോർച്ചയുടെ കേസ് പരിഗണിക്കാൻ ജൂലൈ മൂന്നാം വാരമാണ് അതിവേഗ കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്. അതിനു പുതിയൊരു വ്യവസ്ഥ വേണ്ടിവന്നില്ല.

കുറ്റാരോപിതരിൽ രണ്ടുപേരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഈ അതിവേഗ കോടതി പരിഗണിച്ചു. എന്നാൽ, സിബിഐയുടെ അഭിഭാഷകൻ ഹാജരായില്ല. അതിനാൽ, കേസ് ഇന്നത്തേക്കു മാറ്റേണ്ടിവന്നു. പിന്നീട്, നിലവിലെ കേസിൽ സിബിഐ കുറ്റപത്രം ഫയൽ ചെയ്തു.

അതിവേഗ കോടതിയിലേക്കു നിയോഗിക്കപ്പെട്ട ജഡ്ജി അനു ഗ്രോവർ ബാലിഗയെ കഴിഞ്ഞ ദിവസം മാറ്റി; പകരം, അതിവേഗ കോടതി രൂപീകരിക്കും മുൻപ് നീറ്റ്–യുജി വിഷയം പരിഗണിച്ചിരുന്ന ജഡ്ജി അജയ് ഗുപ്തയെ തിരികെക്കൊണ്ടുവന്നു. ബലിഗ ഉൾപ്പെടെ 137 ജഡ്ജിമാരെയാണു ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റിയത്.

കഴിഞ്ഞ 25ന് അതിവേഗ കോടതി ജഡ്ജിയായി നിയമിച്ച് ഒരാഴ്ചയ്ക്കുള്ളിലാണു ബലിഗയുടെ മാറ്റം. ഡൽഹിയിലെ ഹയർ ജുഡീഷ്യൽ സർവീസസിലെ പൊതുസ്ഥലംമാറ്റമാണ് ഇതിനു കാരണമെങ്കിലും ഇത്തരം നടപടികൾ കേസുകളുടെ പുരോഗതിയെ ബാധിക്കാം.

റദ്ദാക്കപ്പെട്ട പരീക്ഷയെഴുതിയവർക്ക് റജിസ്ട്രേഷൻ ഫീസ് തിരികെ നൽകുക, അന്വേഷണത്തിനു കേന്ദ്രം പ്രത്യേക ദൗത്യസേനയെ നിയോഗിക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ചുവേണം തുടങ്ങിയ ഭേദഗതികൾ ലോക്സഭയിൽ അംഗങ്ങൾ നിർദേശിച്ചിരുന്നു. അവ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറായില്ല.

അതിവേഗ കോടതികളിലേക്ക് കേസ് മാറ്റാൻ സിബിഐ ശ്രമം; വിചാരണ കാത്ത് 158 പരീക്ഷാ കേസുകൾ

ന്യൂഡൽഹി ∙ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പൂർത്തിയാക്കിയ 158 കേസുകൾ വിചാരണ കാത്തുകിടക്കുന്നു. 2 പതിറ്റാണ്ടു മുൻപു റജിസ്റ്റർ ചെയ്ത കേസും ഇതിൽപെടുന്നു. കേസുകൾ പുതിയ അതിവേഗ കോടതികളിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളെ സമീപിക്കാനൊരുങ്ങുകയാണു സിബിഐ. പൊതുപരീക്ഷകളിലെ തട്ടിപ്പു തടയുന്നതുമായി ബന്ധപ്പെട്ടുള്ള 2024ലെ നിയമത്തിൽ ഭേദഗതികൾ വരുത്തിയ സാഹചര്യത്തിലാണു സിബിഐയുടെ നീക്കം.

വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കാമെന്നും കേസ് നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ എല്ലാ പിന്തുണയും ലഭ്യമാക്കാമെന്നും സിബിഐ ഹൈക്കോടതികളെ അറിയിക്കുമെന്നാണു വിവരം.

ഡൽഹിയിൽ മാത്രം 2000നു ശേഷം റജിസ്റ്റർ ചെയ്ത 25 കേസുകളാണു വിചാരണ കാത്തുകിടക്കുന്നത്. എയിംസിലെ 2010–11ൽ പിജി റിക്രൂട്മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുൾപ്പെടെ ഇതിലുണ്ട്. 2011ലെ ഡൽഹി സർവകലാശാല മെഡിക്കൽ ആൻഡ് ഡെന്റൽ എൻട്രൻസ് പരീക്ഷ, മാനേജ്മെന്റ് പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടു 2004ലുണ്ടായ ക്രമക്കേട്, എസ്എസ്‌‌സി റിക്രൂട്മെന്റുമായി ബന്ധപ്പെട്ടു 2013ലെ കേസ് എന്നിവയെല്ലാം ഇത്തരത്തിൽ വിചാരണ കാത്തുകിടക്കുകയാണ്. 2024ലെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുൾപ്പെടെ ബിഹാറിലുണ്ട്. തമിഴ്നാട്ടിൽ 14, ബംഗാൾ, യുപി എന്നിവിടങ്ങളിൽ 10 വീതം കേസുകളുണ്ടെന്നു സിബിഐ വ്യക്തമാക്കുന്നു. ഈ വർഷത്തെ നീറ്റ് ചോദ്യക്കടലാസ് ചോർച്ച വിഷയം കൈകാര്യം ചെയ്യാൻ നിയോഗിച്ചിരുന്ന റൗസ് അവന്യു അതിവേഗ കോടതി കേസ് ഇന്നു പരിഗണിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!