1726 ശുചീകരണ പ്രവൃത്തികൾ നടത്തി; 313.05 ടൺ മാലിന്യം നീക്കം ചെയ്തു
കണ്ണൂർ: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശവും നൽകി. ഇന്നലെ വിളിച്ച ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ധരിപ്പിച്ചത്.ജില്ലയിൽ മഴക്കാലത്ത് അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങളും പരിഹാര മാർഗ ങ്ങളും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരേയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് കളക്ടർ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു.
വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്തു.അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കുന്ന കാര്യം മന്ത്രി പ്രത്യേകം ഓർമിപ്പിച്ചു.ഇതുവരെ ജില്ലയിൽ 1726 ശുചീകരണ പ്രവൃത്തികൾ നടത്തി. ഇതിൽ 1557 പൊതുസ്ഥലങ്ങളാണ്. 104 ഹോട്ട്സ്പോട്ടുകൾ വൃത്തിയാക്കി. 313.05 ടൺ മാലിന്യം നീക്കം ചെയ്തു. തോടുകൾ, നീർചാലുകൾ, ഓടകൾ എന്നിവ ചേർന്ന് 914.31 കിലോമീറ്റർ വൃത്തിയാക്കി. 2,50,273 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 507 കുളങ്ങൾ വൃത്തിയാക്കി.
ഉത്സവകാലമായതിനാൽ കൊട്ടിയൂരിലേക്ക് സർക്കാർ ഡോക്ടർമാരെ ടീമായി ഷിഫ്റ്റ് വ്യവസ്ഥയിൽ നിയോഗിച്ചുവരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികളോട് ഡോക്ടർമാരെ കൊട്ടിയൂരിലേക്ക് വിട്ടുനൽകാൻ അഭ്യർഥിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, റൂറൽ എസ്പി അനൂജ് പലിവാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
