കണ്ണൂർ സർവകലാശാലയുടെ നേട്ടങ്ങളെ പുകഴ്ത്തി ഗവർണർ

Share our post

കണ്ണൂർ : കണ്ണൂർ സർവകലാശാല വിദ്യാഭ്യാസരംഗത്ത് കൈവരിച്ചത് മികച്ച നേട്ടങ്ങളാണെന്ന് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികൾ മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെനറ്റ് ഹാൾ, സെമിനാർ കോംപ്ലക്സ്, ആധുനികീകരിച്ച 40 സ്മാർട്ട് ക്ലാസ് മുറികൾ, സർവകലാശാല സ്റ്റുഡൻറ്‌സ് അമിനിറ്റി സെൻററിൽ തുടങ്ങുന്ന ഡേറ്റാ സെൻറർ, ഫോറിൻ ലാംഗ്വേജ് സെൻറർ എന്നിവയും ഡിപ്ലോമ ഇൻ തിയോളജി കോഴ്‌സും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

രാവിലെ ഒൻപതരയോടെ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെത്തിയ ചാൻസലർ കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സ്ഥാപിച്ച ഫോക്‌ലോർ മ്യൂസിയവും കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡിവലപ്‌മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ സ്ഥാപിച്ച കൈത്തറി മ്യൂസിയവും ഉദ്ഘാടനം ചെയ്തു. തുടർന്നാണ് മാങ്ങാട്ടുപറമ്പ് കാമ്പസിലെത്തിയത്.

മികച്ച എൻ.എസ്.എസ്. യൂണിറ്റുകൾക്കുള്ള പുരസ്കാരങ്ങളും ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി സർവകലാശാല സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ വിജയികളായവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. യു.കെ. ഗീതിക (എസ്.എൻ. കോളേജ് കണ്ണൂർ), കെ.നിവേദ് (ടീച്ചേഴ്സ് എജുക്കേഷൻ സെന്റർ, ധർമശാല), പൃഥ്വി പവിത്രൻ (ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി) എന്നിവരാണ് പ്രശ്നോത്തരിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്, കെ.എം.എം. ഗവ. വുമൺസ് കോളേജ് കണ്ണൂർ, പയ്യന്നൂർ കോളേജ്, ഡബ്ല്യു.എം.ഒ. ഇമാം ഗസാലി ആർട്‌സ് ആൻഡ് സയൻസ് കോളേജ് പനമരം, പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് മട്ടന്നൂർ എന്നിവയാണ് മികച്ച എൻ.എസ്.എസ്. യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടത്.

വന്ദേമാതരം പൂർണമായും ആലപിച്ചു

 കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിച്ചു. ചടങ്ങിന്റെ തുടക്കത്തിലും അവസാനവുമാണ് ദേശീയഗാനത്തിന് മുൻപ് വന്ദേമാതരം പൂർണമായും ആലപിച്ചത്. നിയമസഭയിൽ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കാത്തത് ഗവർണറും സർക്കാരും തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ പൂർണമായി ആലപിക്കണമെന്നാണ് പ്രോട്ടോകോൾ എന്നാണ് ലോക്ഭവന്റെ നിലപാട്. പൂർണമായി പാടണമെന്ന് നിർബന്ധമില്ലെന്നും കേന്ദ്രസർക്കാർ മാർഗരേഖയിറക്കിയതല്ലാതെ നിയമം പാസാക്കിയിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെയും മറ്റും നിലപാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!