സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ കൂടി; അംഗബലം 37, വനിതകൾ രണ്ട്
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 37 ആയി. അംഗബലം ഉയര്‍ത്തിയതോടെ അനുവദിക്കപ്പെട്ട 38 ജഡ്ജിമാരുടെ തസ്തികയിൽ ഇനി ഒരു ഒഴിവ് മാത്രമാണുള്ളത്.
പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഔദ്യോഗികമായി 37 ആകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തിക്കൊണ്ട് കഴിഞ്ഞ മാസം സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അംഗബലം വർദ്ധിപ്പിച്ചതോടെ ആകെ ആറ് ഒഴിവുകളാണ് കോടതിയിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങിയ അഞ്ച് നിയമനങ്ങളോടെ ഇനി ഒരു ജഡ്ജിയുടെ ഒഴിവ് കൂടി മാത്രമാണ് സുപ്രീം കോടതിയിൽ അവശേഷിക്കുന്നത്.
വനിതകൾ 37 ൽ രണ്ട് പേര്‍
മുതിർന്ന അഭിഭാഷകയായ വെങ്കിട്ട സുബ്രഹ്മണി മോഹനയുടെ നിയമനം ബാറിൽ നിന്നുള്ള നേരിട്ടുള്ള അപൂർവ നിയമനങ്ങളിലൊന്നാണ്. സുപ്രീം കോടതിയിലെ വനിതാ പ്രാതിനിധ്യം ഉയർത്തുന്നു എന്നതും ഈ നിയമനത്തിന്റെ പ്രധാന സവിശേഷതയാണ്.
പുതിയ നിയമനങ്ങൾക്ക് തൊട്ടുമുമ്പ് വരെ സുപ്രീം കോടതിയിൽ ഒരേയൊരു വനിതാ ജഡ്ജി മാത്രമാണുണ്ടായിരുന്നത്—ജസ്റ്റിസ് ബി. വി. നാഗരത്ന. നേരത്തെയുണ്ടായിരുന്ന ജസ്റ്റിസ് ഹിമ കോഹ്‌ലി 2024 സെപ്റ്റംബറിലും, ജസ്റ്റിസ് ബേല എം. ത്രിവേദി 2025 ജൂണിലും വിരമിച്ചിരുന്നു. ഇവര്‍ക്ക് പകരം ഇപ്പോൾ ഒരു വനിത മാത്രമാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.
സുപ്രീം കോടതിയിലെ തന്നെ മുതിർന്ന അഭിഭാഷകയാണ് വെങ്കിട്ട സുബ്രഹ്മണി മോഹന. ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന മുറയ്ക്ക് വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി ഉയരും.
നിയമിതരായ ജഡ്ജിമാർ
- സീനിയർ അഡ്വ. വെങ്കിട്ട സുബ്രഹ്മണി മോഹന (സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയിൽ നിന്ന് നേരിട്ടുള്ള നിയമനം)
- ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ (ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
- ജസ്റ്റിസ് ശീൽ നാഗു (പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
- ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ (മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
- ജസ്റ്റിസ് അരുൺ പള്ളി (ജമ്മു കശ്മീർ-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
