സുഗതന്റെ അവധി അപേക്ഷ; ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം. മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ അണ്ടർ സെക്രട്ടറി സ്വന്തം നിലയിൽ തീരുമാനം എടുത്തതിനെ രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു.
തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. തദ്ദേശ വകുപ്പിന്റെ അഭിപ്രായം കൂടി ഉൾപ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ ഭാഗമായി കത്ത് നൽകിയതിലാണ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുള്ളത്. അതിനിടെ വിവാദമായ അവധി അപേക്ഷ പൂർണമായും നിയമപരമാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര വകുപ്പ് നൽകിയ സർക്കുലറാണ് ഇതിന്റെ പ്രധാന പിന്തുണയെന്നും മേയർ ന്യായീകരിച്ചു. എന്നാൽ അപേക്ഷ വോട്ടിട്ട് പാസാക്കാമെന്ന നിർദ്ദേശവും അംഗീകാരവും നിയമവശം പരിശോധിച്ച് വ്യക്തത വരുത്തുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
