കാട്ടാനയെ ഭയന്ന് താമസംമാറിയത് 14 കുടുംബങ്ങൾ; രാജഗിരി ഉന്നതിയിൽ ഇനി ചന്തു മാത്രം

Share our post

ചെറുപുഴ ( കണ്ണൂർ) ∙ ഒരുകാലത്ത് 14 കുടുംബങ്ങൾ താമസിച്ചിരുന്ന രാജഗിരി ഉന്നതിക്ക് കാവലാൾ കാണിക്കാരൻ ചന്തു മാത്രം. കാട്ടാനകളെ ഭയന്നാണ് ഇവിടത്തെ 13 കുടുംബങ്ങളും താമസംമാറിയത്. ഒരുവർഷം മുൻപ് 13ാമത്തെ കുടുംബവും പോയതോടെ, കാണിക്കാരൻ ചന്തു (60) മാത്രമാണ് ഉന്നതിയിൽ ശേഷിക്കുന്നത്. ഏതാനും വർഷം മുൻപാണു ഭാര്യ മരിച്ചത്. ഇനിയുള്ള കാലം ഇവിടെത്തന്നെ തുടരാനാണു ചന്തുവിന്റെ തീരുമാനം.

ചെറുപുഴ പഞ്ചായത്തിലെ 8ാം വാർഡിൽപെട്ട രാജഗിരി ഉന്നതിയിൽ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചുതുടങ്ങിയതോടെയാണ് ഇവിടത്തുകാർ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറിത്തുടങ്ങിയത്. മുൻപ് ഉന്നതിക്കു സമീപത്തു യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

കഴിഞ്ഞ ദിവസവും ചന്തുവിന്റെ വീട്ടുപരിസരത്തു ആനകളെത്തി കൃഷി നശിപ്പിച്ചു. 20 സെന്റിൽ കമുക്, തെങ്ങ്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികളാണ് ചന്തുവിന്. ഉന്നതിക്കു ചുറ്റുമുള്ള വൈദ്യുതവേലി തകർത്താണ് ആനകളെത്തുന്നത്. തകർന്ന ഭാഗങ്ങളിലെ വേലി വനംവകുപ്പ് ദിവസങ്ങൾക്കു മുൻപ് പുനർനിർമിച്ചിരുന്നു.

മഴക്കാലത്തു പലപ്പോഴും വൈദ്യുതിയുണ്ടാകാറില്ല. വീട്ടുപരിസരത്ത് തീകൂട്ടി, അതിന്റെ ബലത്തിലാണ് തകർന്നുവീഴാറായ വീട്ടിൽ ചന്തു അന്തിയുറങ്ങുന്നത്. ആന്ധ്രപ്രദേശിൽ ജോലി ചെയ്യുന്ന മകൻ ഇടയ്ക്കിടെ ഉന്നതിയിലെത്താറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!