ഹിമാചലിൽനിന്ന്‌ കിട്ടില്ല, മറ്റു സംസ്ഥാനങ്ങളും കൈയൊഴിഞ്ഞു; വൈദ്യുതിപ്രതിസന്ധിക്ക് ഉടൻ പരിഹാരമില്ല

Share our post

തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ ഉടൻ വൈദ്യുതി കിട്ടില്ല. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഡൽഹി, യു.പി., ഒഡിഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിൽ കാര്യമായ ഫലമുണ്ടായില്ല.

ഹിമാചലിൽനിന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ വൈദ്യുതിലഭിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. ഒക്ടോബർവരെ പഞ്ചാബുമായി അവർക്ക് കരാറുണ്ട്. അതുകഴിഞ്ഞ് കേരളത്തിനു നൽകുന്നത് പരിഗണിക്കാമെന്നാണ് അവർ പറഞ്ഞത്.

കേരളത്തിൽ ഉപഭോഗം കുറയുകയോ, തത്സമയവിപണയിൽനിന്ന് വൈദ്യുതി കിട്ടാതിരിക്കുകയോ ചെയ്യുന്ന ദിവസങ്ങളിൽ വൈദ്യുതിനിയന്ത്രണം വേണ്ടിവരുമെന്നതാണ് സ്ഥിതി. പലേടത്തും മഴപെയ്തിട്ടും തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങി. നിലയങ്ങളിലെ തകരാർ കാരണം ദീർഘകാല കരാറുകളിലൂടെ കിട്ടേണ്ട 270 മെഗാവാട്ട് മുടങ്ങിയതാണ് കാരണം. ഇത് ബുധനാഴ്ചയോടെ മാത്രമേ പരിഹരിക്കൂ. ചൊവ്വാഴ്ചയും 600 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നു. അടുത്ത മൂന്നുദിവസങ്ങളിൽ കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ ചിലപ്പോൾ വൈദ്യുതിനിയന്ത്രണം ഒഴിവായേക്കാം. ഉപഭോഗം ഇപ്പോഴും ശരാശരി ഒൻപതുകോടി യൂണിറ്റായി തുടരുകയാണ്.

ഉത്തരേന്ത്യൻ പര്യടനത്തിലുള്ള ഡയറക്ടർമാർ 25-ന് തിരിച്ചെത്തും. 26-ന് കേന്ദ്ര ഊർജ സെക്രട്ടറി പങ്കെടുക്കുന്ന അവലോകനയോഗം നടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!