സണ്ണി ജോസഫ് തുടരും; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്
ഡൽഹി: കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെക്കുറിച്ച് ചർച്ച നടന്നില്ല. പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം മതിയെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. രാഹുൽ ഗാന്ധിയുമായി സണ്ണി ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തും.
സംസ്ഥാന കോൺഗ്രസിലെ സംഘടനാപരമായ തർക്കങ്ങൾക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ഡിസംബർ പകുതിയോടെ കെപിസിസി പുനഃസംഘടനയിലേക്ക് കടക്കാനാണ് എഐസിസിയുടെ തീരുമാനം. മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയും 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിനിടയിലും സംഘടനാ സംവിധാനം ദുർബലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇനിയും കെപിസിസി പുനഃസംഘട വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
മന്ത്രിസഭയും പാർട്ടിയും തമ്മിൽ ഏകോപനമില്ലെന്ന പരാതികളും ഘടകകക്ഷികളുടെ അതൃപ്തിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അടക്കമുള്ളവരുടെ വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘട വേഗത്തിലാക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നത്. നിലവിൽ കെപിസിസി പ്രസിഡന്റ് തന്നെയാണ് വൈദ്യുതി മന്ത്രിയായി മന്ത്രിസഭയിൽ ഉള്ളത്. ഈ സാഹചര്യത്തിൽ അധ്യക്ഷസ്ഥാനം മാറണമെന്ന ആവശ്യം ആറുമാസം മുമ്പ് തന്നെ ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല.
