മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടൽകയറി; സന്ദർശകർ കടലിലിറങ്ങുന്നത് ഭീഷണി

Share our post

മുഴപ്പിലങ്ങാട് : മഴ കനത്തതോടെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഭാഗികമായി കടൽ കയറി. ബീച്ചിന്റെ 4 കിലോമീറ്ററിൽ ധർമടം ഭാഗങ്ങളിലാണ് തിരയടിച്ച് കയറുന്നത്. മഴ കനത്തത് കണക്കിലെടുത്ത് ഡ്രൈവ് ഇൻ ബീച്ചിലടക്കം ജില്ലയിലെ എല്ലാ ബീച്ചുകളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുന്നതിനനുസരിച്ച് ബീച്ചിന്റെ മുഴപ്പിലങ്ങാട്, എടക്കാട് ഭാഗങ്ങളും കടലെടുക്കുന്നതാണ് എല്ലാ വർഷത്തെയും പതിവ്. ഓഗസ്റ്റു വരെ ഈ പ്രതിഭാസം നിലനിൽക്കും. ഓണം സീസണോടുകൂടി മാത്രമാണു ബീച്ചിൽ സന്ദർശകരെ പ്രവേശിപ്പിക്കാനാവുക.

അതേസമയം, ജാഗ്രതാ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രക്ഷുബ്ധമായ കടലിലിറങ്ങി സന്ദർശകർ തിരയിൽ കുളിക്കുകയും നീന്തുകയും ചെയ്യുന്നുണ്ട്. വൊളന്റിയർമാരും മറ്റും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അനുസരിക്കുന്നില്ല. കർണാടകയിൽ നിന്നുള്ളവരാണ് വിലക്കറിയാതെ ബീച്ചിലെത്തുന്നത്. പയ്യാമ്പലം, ഏഴര തോട്ടട ബീച്ചുകളിലും സന്ദർശകർ ബീച്ചിലിറങ്ങുന്നത് അപകടഭീഷണിയാകുന്നുണ്ട്. ബീച്ചുകളിൽ കന്നട ഭാഷയിലടക്കം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കർണാടകയിലെ ബീച്ചുകളിൽ നിയന്ത്രണം
മംഗളൂരു  മൺസൂൺ ശക്തി പ്രാപിച്ചതോടെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ബീച്ചുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനമ്പൂർ, തണ്ണീർഭാവി, സോമേശ്വര ബീച്ചുകളിൽ ഫ്ലോട്ടിങ് ബ്രിജുകൾ, ബോട്ട് റൈഡുകൾ, സർഫിങ്ങ്, പാരാഗ്ലൈഡിങ് തുടങ്ങിയവ നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.

ദേശീയപാതയിൽനിന്ന് വെള്ളം; സർവീസ്റോഡിൽ ദുരിതം
എടക്കാട് ∙ മഴ കനത്തതോടെ ദേശീയപാത സർവീസ് റോഡുകളിലൂടെയും അടിപ്പാതകളിലൂടെയുമുള്ള യാത്രാക്ലേശം രൂക്ഷം. നടാൽ ഊർപഴച്ചിക്കാവ് റോഡിലെ അടിപ്പാത മുതൽ മുഴപ്പിലങ്ങാട് വരെയുള്ള എല്ലാ അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചാലയിൽനിന്ന് നടാലിലേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് ദേശീയപാതയിൽ നിന്നുള്ള വെള്ളം കുത്തിയൊഴുകുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചാലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിൽ വൻ ഗതാഗത ക്ലേശമാണ് അനുഭവപ്പെടുന്നത്.

ഇതിന് പരിഹാരമാകണമെങ്കിൽ കിഴുത്തള്ളിയിൽനിന്ന് ചാല അമ്പലം സ്റ്റോപ്പ് വരെ കൂത്തുപറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെയും ചാലയിൽ നിന്ന് ചാലക്കുന്ന് വരെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെയും പ്രവൃത്തി പൂർത്തിയാകണം. എന്നാൽ മഴ കനത്തതോടെ ഈ സർവീസ് റോ‍ഡുകളുടെ ടാറിങ് നിലച്ചത് പ്രതിസന്ധിയായി. കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തിൽ ഈ സർവീസ് റോഡുകളിൽ‌ മണ്ണ് ഒലിച്ചെത്തുന്നതും പ്രതിസന്ധിയാണ്.

വെള്ളക്കെട്ടിൽ വലഞ്ഞ് കണ്ണൂർ നഗരം: റോഡിൽ ജലയാത്ര
ദുരിതംപേറി കണ്ണൂർ നഗരവും പരിസരങ്ങളും. തെക്കീ ബസാർ ജംക്‌ഷൻ, സബ് ജയിൽ റോഡ്, മാർക്കറ്റ്, കോർപറേഷൻ ഓഫിസിനു മുൻവശം, തളാപ്പ്, മേലെ ചൊവ്വ, അഞ്ചുകണ്ടി എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് രാവിലെയുണ്ടായത്. വലിയന്നൂർ, വാരം, കക്കാട് റോഡ്, പള്ളിപ്രം, കക്കാട് അരയാൽത്തറ, കക്കാട് പാലക്കാട് മഠം റോഡ്, താണ ടികെ സ്റ്റോപ്പിനു സമീപം എന്നിവിടങ്ങളിലും റോഡ് വെള്ളത്തിലായി. ഗതാഗതം തടസ്സപ്പെട്ടു. വാരത്ത് കോരിയ മണ്ണും ചരലുമെല്ലാം കൂട്ടിയിട്ടിരുന്നത് ഓടയ്ക്കു സമീപംതന്നെയാണ്. കൂട്ടിയിട്ട മണ്ണെല്ലാം മഴയത്ത് ഓടയിലെത്തി.

വെള്ളത്തിൽ മുങ്ങി കാൽടെക്സ്
കാൽടെക്സിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശത്തെ ബസ് ഷെൽറ്ററുകൾ വെള്ളത്തിലായി. വെള്ളം കയറാൻ തുടങ്ങിയതോടെ ഷെൽറ്ററിൽനിന്നു യാത്രക്കാർക്ക് മാറേണ്ടി വന്നു. ഷെൽറ്ററിൽ രണ്ടരയടിയോളം വെള്ളംകയറി. ഇവിടെയുള്ള ഓവുചാലിൽനിന്നു മലിനജലം പരന്നൊഴുകി റോഡിലാകെ നിറഞ്ഞു.

പേരിലൊതുങ്ങിയ ഓട ശുചീകരണം
മഴക്കാലപൂർവ ശുചീകരണത്തിൽ, ഓടകളുടെ ശുചീകരണം പേരിൽ ഒതുക്കിയതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. ഒരൊറ്റ മഴ പെയ്യുമ്പോഴേക്കും ഓടകൾ നിറ‍ഞ്ഞൊഴുകുകയാണ്. സ്ലാബ് നീക്കി ഓടകളിലെ മണ്ണും മാലിന്യവും കാര്യക്ഷമമായി നീക്കം ചെയ്തില്ലെന്ന ആക്ഷേപം നേരത്തേതന്നെയുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

കൊതുകുകളുടെ ഉറവിട നശീകരണം, ഓടകളിലെ മണ്ണുകോരൽ, ജലാശയങ്ങൾ വൃത്തിയാക്കൽ, പൊതു–സ്വകാര്യ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കൽ തുടങ്ങിയവയാണ് മഴക്കാലപൂർവ ശുചീകരണത്തിൽ പ്രധാനമായും നടപ്പാക്കേണ്ടത്. ശുചീകരണത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കാൻ നിർദേശിച്ചത്. ശുചീകരണത്തിന് കോർപറേഷനിൽ ഓരോ ഡിവിഷനും 60,000 രൂപയാണ് ഫണ്ട് അനുവദിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!