വൈശാഖോത്സവം; ശ്രീകോവിൽ നിർമാണം പുരോഗമിക്കുന്നു

Share our post

കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ താത്‌കാലിക ശ്രീകോവിൽ നിർമാണം പുരോഗമിക്കുന്നു. ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിൽ ഓട, മുള, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന തിരുവോണം ആരാധനയ്ക്ക് മുൻപായി നിർമാണം പൂർത്തിയാക്കും. ഏഴിനാണ് ഇളനീർവെപ്പ്. എട്ടിന് ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കും.

അക്കരെ കൊട്ടിയൂരിലേക്ക് വിവിധ ദേശങ്ങളിൽനിന്ന് ആയിരങ്ങളാണ് തിങ്കളാഴ്ച ദർശനത്തിനായി എത്തിയത്. വൈശാഖോത്സവത്തിലെ നിത്യപൂജകൾ തുടരുന്നു.

തിടമ്പേറ്റാൻ അക്കാവിള വിഷ്ണുനാരായണനും കൊടുമൺ ശിവനും

ഇത്തവണത്തെ വൈശാഖോത്സവത്തിനായി ബാവലി പുഴ കടന്ന് അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിയത് ആനപ്രേമികളുടെ പ്രിയപ്പെട്ട അക്കാവിള വിഷ്ണുനാരായണനും കൊടുമൺ ശിവനുമാണ്. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റംവരെ ഏറെ ആരാധകർ ഉളള ആനകളാണ് അക്കാവിള വിഷ്ണുനാരായണനും കൊടുമൺ ശിവനും. പാപ്പാന്മാരിൽ പ്രമുഖനായ മാമ്പി ശരത്തും അക്കാവിള വിഷ്ണുനാരായണ് ഒപ്പം അക്കരെ കൊട്ടിയൂരിൽ എത്തിയിട്ടുണ്ട്.

രണ്ടാനകളും ആദ്യമായിട്ടാണ് വൈശാഖോത്സവത്തിനായി കൊട്ടിയൂരിൽ വരുന്നത്. വൈശാഖോത്സവത്തിൽ ആനകൾക്ക് എപ്പോഴും പ്രത്യേക സ്ഥാനം തന്നെയുണ്ട്. ശീവേലിക്ക് ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിക്കുന്നത് ആനപ്പുറത്താണ്.

ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നതിനോടൊപ്പമാണ് ആനകളും അക്കരെ എത്തുന്നത്. തുടർന്ന് അമ്മാറയ്ക്കൽതറയിലെ ദേവിയുടെ തിടമ്പും മണിത്തറയിലെ ദേവന്റെ തിടമ്പും എഴുന്നളളിക്കുക ആനകളാണ്. ആരാധനാദിവസം സ്വർണം, വെളളി നെറ്റിപ്പട്ടങ്ങൾ അണിഞ്ഞാണ് ആനകളുടെ എഴുന്നള്ളത്ത്.

ദേവിയുടെ തിടമ്പ് വഹിച്ചുകൊണ്ടുള്ള ആന മുൻപിലും ദേവന്റെ തിടമ്പ് വഹിച്ചുകൊണ്ടുള്ള ആന പിന്നിലുമായാണ് ശീവേലിക്ക് എഴുന്നള്ളുക. ഇത്തവണ അക്കാവിള വിഷ്ണുനാരായണനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. ദേവന്റെ തിടമ്പേറ്റുന്നത് കൊടുമൺ ശിവനും. മകം നാൾ ഉച്ചശ്ശീവേലിയോടെയാണ് ആനകൾ അക്കരെ സന്നിധാനത്തുനിന്ന് മടങ്ങുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!