ശിവസൂര്യ മറഞ്ഞതെവിടെ? ഭാഗ്യശ്രീയുടെ വീടിനും പൂമരം ജംങ്ഷനും ഇടയിൽ എന്ത് സംഭവിച്ചു? ഒരു സിസിടിവി ക്യാമറയിലും അവന്റെ ദൃശ്യം ഇല്ലാത്തത് എന്തുകൊണ്ട്?
ചൊക്ലി പെരുങ്ങത്തൂരുള്ള പുളിമരം ജംങ്ഷന് സമീപം ശിവപ്രിയത്തില്‍ എ.ജിഗേഷിന്റെ മകന് ശിവസൂര്യക്ക് മൊബൈല്‍ ഗെയിമുകളോട് ആസക്തിയായിരുന്നു. ആദ്യം സാധാരണ ഗെയിമുകള്‍ കളിച്ച അവന് പിന്നീട് പണം കൊടുത്ത് കളിക്കുന്ന ഗെയിമുകള്‍ തെരഞ്ഞെടുത്തു. എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആ പതിനേഴുകാരന്റെ കയ്യില്‍ അത്തരം ഗെയിമുകള്‍ കളിക്കാന്‍ പണമുണ്ടായിരുന്നില്ല. അതുകൊണ്ട് അച്ഛനറിയാതെ ചില ബന്ധുക്കളില്‍ നിന്നും ഫാംപേ ആപ്പ് വഴി അവന് പണം വാങ്ങി. എന്നാല്‍ ഇങ്ങനെ ഗെയിം കളിക്കുന്നത് അധികം നാള് തുടര്‍ന്നില്ല. വിവരമറിഞ്ഞ അച്ഛന് അവന്റെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങിവെച്ചു.
ആഗസ്റ്റ് രണ്ടാം തിയതി ഞായറാഴ്ചയാണ് അച്ഛന് ജിഗേഷ് ഫോണ്‍ വാങ്ങിവെയ്ക്കുന്നത്. എന്നാല്‍ അതിന് ശേഷം വലിയ രീതിയിലുള്ള എതിര്‍പ്പുകളൊന്നും ശിവസൂര്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ദൈവഭക്തിയുണ്ടായിരുന്ന ശിവസൂര്യ ആ രാമായണ മാസം മൊബൈല്‍ ഫോണില്‍ രാമായണവും ഭക്തിഗാനങ്ങളും കേള്‍ക്കുന്നത് പതിവായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം, ആഗസ്റ്റ് 8 ശനിയാഴ്ച. അന്ന് വീട്ടില്‍ ശിവസൂര്യയും അനിയത്തിയും തനിച്ചായിരുന്നു. അച്ഛന് പുറത്തുപോയിരുന്നു. വീട്ടില്‍ പ്രസവത്തിനായി എത്തിയ അച്ഛന്റെ സഹോദരിയെയും കൊണ്ട് മുത്തശ്ശി ആശുപത്രിയിലും പോയിരുന്നു. ഉച്ചയോടെ ഭക്ഷണം കഴിക്കുന്നതിനായി ചേട്ടനെ വിളിക്കാന്‍ അനിയത്തി ശിവസൂര്യയുടെ മുറിയിലെത്തി. അപ്പോള്‍ കട്ടിലില്‍ ചേട്ടന് മുടിപ്പുതച്ച് കിടന്ന് ഉറങ്ങുന്നതായിട്ടാണ് അനിയത്തി കണ്ടത്. കുറേ വിളിച്ചെങ്കിലും ചേട്ടന് എഴുന്നേറ്റില്ല. അവസാനം അവള് അകത്തേക്ക് കയറിച്ചെന്ന് പുതപ്പുമാറ്റി. മൂന്നാല് തലയിണകള്‍ അടുക്കിവെച്ച് അതില്‍ പുതപ്പുകൊണ്ട് മൂടിയിരിക്കുകയായിരുന്നു. ചേട്ടനെ അവള് അവിടെ കണ്ടില്ല.
ശിവസൂര്യ കളിക്കാന്‍ പോയതായിരിക്കുമെന്ന് വീട്ടുകാര്‍ കരുതി. വൈകിട്ട് നാലര വരെ അവര്‍ കാത്തു. എന്നിട്ടും വരാതായതോടെ വീട്ടുകാര്‍ക്ക് പേടിയായി. അവര്‍ ശിവസൂര്യയ്ക്കായി അന്വേഷണം ആരംഭിച്ചു.
ആദ്യം ശിവസൂര്യയുടെ മുറി മുഴുവന്‍ പരിശോധിച്ചു. അവന്റെ പഠനമേശയില്‍ നിന്നും അവര്‍ക്ക് ഒരു കുറിപ്പ് ലഭിച്ചു. അതിങ്ങനെയായിരുന്നു…
‘ഞാന്‍ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയും.’
ശിവസൂര്യ സ്വയം വീട് വിട്ടിറങ്ങിയതാണെന്ന് വീട്ടുകാര്‍ക്ക് മനസിലായി. വീട്ടിലെ അലമാര തപ്പിയപ്പോള്‍ 3000 രൂപയോളം കാണാതായിട്ടുമുണ്ടായിരുന്നു.
ശിവസൂര്യയുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശം മുഴുവന്‍ അവനായി തിരഞ്ഞു. പ്രദേശത്തുള്ള രണ്ട് പേര് അവനെ കണ്ടതായി വിവരം നല്കി. സമീപത്ത് മില്ല് നടത്തുന്ന ഷിംനയും അടുത്ത വീട്ടിലെ ഭാഗ്യശ്രീ എന്ന വീട്ടമ്മയും. എട്ടാം തിയതി ഉച്ചയ്ക്ക് 12.30ന് ശേഷം തൊട്ടടുത്ത പൂമരം ജംങ്ഷനിലേക്ക് ശിവസൂര്യ തിടുക്കത്തില്‍ നടന്നുപോകുന്നതായിട്ടാണ് അവര്‍ കണ്ടത്. അപ്പോള്‍ അവന്റെ തോളത്ത് സ്കൂള്‍ ബാഗുമുണ്ടായിരുന്നു. ഷിംന അവനോട് എന്തോ ചോദിച്ചെങ്കിലും ശിവസൂര്യ കേട്ടില്ല. ഭാഗ്യശ്രീയെ അവന് ചിരിച്ചുകാണിക്കുകയും ചെയ്തിരുന്നു.
വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തലശ്ശേരി എഎസ്പി നന്ദഗോപന്റെ നേതൃത്വത്തില്‍ എട്ട് അംഗ പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ചൊക്ക്ളി എസ്ഐ ആര്.രാഗേഷിനായിരുന്നു അന്വേഷണ ചുമതല. ശിവസൂര്യയെ കാണാതായ എട്ടാം ദിവസം പൊലീസ് നായ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ നിന്നും അധികം ദൂരേയ്ക്ക് പൊലീസ് നായ പോയില്ല. കാരണം ശിവസൂര്യയെ കാണാതായിട്ട് അപ്പോഴേയ്ക്കും ദിവസങ്ങള്‍ ഏറെ കഴിഞ്ഞിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു. വീടിനടുത്തുള്ള പൂമരം ജങ്ഷനിലെ സിസിടിവി ക്യാമറകള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും ശിവസൂര്യയുടെ ദൃശ്യം ഒരു ക്യാമറയിലും പതിഞ്ഞിട്ടുണ്ടായിരുന്നില്ല. ആ സമയം വഴിയിലൂടെ പോയ ബൈക്കുകാരോടും ഓട്ടോറിക്ഷക്കാരോടും ബസുകാരോടും വരെ പൊലീസ് ശിവസൂര്യയെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ആരും അവനെ കണ്ടിരുന്നില്ല. ശിവസൂര്യയെ അവസാനം കണ്ട ഭാഗ്യശ്രീയുടെ വീട്ടില്‍ നിന്നും പൂമരം ജംങ്ഷന് വരെ ഏകദേശം 500 മീറ്ററാണ് ദൂരം. ഈ വഴിയില്‍ എവിടെ നിന്നോ അവന് അപ്രത്യക്ഷനായെന്നാണ് കരുതുന്നത്.
പൊലീസ് പ്രദേശമാകെ ശിവസൂര്യക്കായി അരിച്ചുപെറുക്കി. കുളങ്ങളും തോടുകളും ഒന്നും വിട്ടില്ല. എന്നാല്‍ ഒരിടത്തും അവനെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പെരുങ്ങത്തൂരിലുള്ള സിസിടിവി ക്യാമറകളിലും ശിവസൂര്യയുടെ ദൃശ്യമുണ്ടായിരുന്നില്ല. വടകര, നാദാപുരം ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിങ്ങനെ ശിവസൂര്യ പോകാന്‍ സാധ്യതയുള്ളിടത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചു. പക്ഷേ, ഒരു ഫലവുമുണ്ടായില്ല.
പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് കുട്ടിയെ കണ്ടുവെന്ന് ഒരു സ്ത്രീയും ബസ് കണ്ടക്ടറും മൊഴി നല്‍കിയിരുന്നു. പൊലീസ് അവിടെയെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും അത് മറ്റൊരു കുട്ടിയാണെന്ന് കണ്ടെത്തി. കൊല്ലം, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നും ശിവസൂര്യയെ കണ്ടതായി ഫോണ്‍ കോളുകള്‍ വന്നു. പക്ഷേ, അതൊന്നും ശിവസൂര്യയായിരുന്നില്ല. മംഗലാപുരം, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലും ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ദൈവഭക്തനായതുകൊണ്ട് അമ്പലങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും വരെ പൊലീസ് തിരഞ്ഞു. അപ്പോഴും അവര്‍ക്ക് കയ്യെത്താ ദൂരത്തായിരുന്നു ശിവസൂര്യ.
കത്തില്‍ അവന് എഴുതിവെച്ചിരുന്നത് പോലെ കാശി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. വാരണാസിയിലെ മലയാളി ഗ്രൂപ്പുകളിലേക്ക് ശിവസൂര്യയുടെ ഫോട്ടോ അയച്ചു. പൊലീസ് കാശിയിലെത്തി യുപി പൊലീസിന്റെയും അവിടെയുള്ള മലയാളികളുടെയും സഹായത്തോടെ ഏഴ് ദിവസത്തോളം തിരച്ചില്‍ നടത്തി. എന്നിട്ടും ശിവസൂര്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ വീട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കുകയും പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിലൊന്നും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഏജന്‍സി കേസ് അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ശിവസൂര്യയുടെ രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ചെന്നുകണ്ടു. ആവശ്യം കേട്ട രമേശ് ചെന്നിത്തല ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് മേധാവിയെ ഫോണില്‍ വിളിച്ച് കേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ മകനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിവസൂര്യയുടെ രക്ഷിതാക്കളും പ്രദേശവാസികളും.
