പി.ടി. ഉഷയ്ക്ക് തിരിച്ചടി; ഐ.ഒ.എ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തേക്ക്

Share our post

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ പി.ടി. ഉഷയ്ക്ക് തിരിച്ചടി. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഐഒഎയുടെ തലപ്പത്തുനിന്ന് പി.ടി. ഉഷ പുറത്തേക്കുള്ള വഴിയിലായി. വനിതാ വിഭാഗത്തിലെ നാല് ഒഴിവുകളിലേക്ക് നടന്ന മത്സരത്തിൽ 40 വോട്ടുകൾ മാത്രമാണ് പി.ടി. ഉഷയ്ക്ക് ലഭിച്ചത്. 43 വോട്ടുകൾ നേടിയ സൈന നെഹ്‌വാൾ നാലാം സ്ഥാനത്തെത്തി. അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ദോള ബാനർജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ.

പുരുഷ വിഭാഗത്തിൽ ഒളിമ്പിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത്, വിജേന്ദർ സിങ്, മുൻ ടേബിൾ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അവസാനഘട്ടത്തിൽ തന്നെ പി.ടി. ഉഷയുടെ പരാജയസൂചനകൾ പുറത്തുവന്നിരുന്നെങ്കിലും ആദ്യ നാല് സ്ഥാനങ്ങളിൽ ഇടംനേടാമെന്ന പ്രതീക്ഷയിലായിരുന്നു അവരുടെ പക്ഷം. എന്നാൽ ഫലം വന്നതോടെ ആ കണക്കുകൂട്ടലുകൾ തെറ്റി.

ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ അധ്യക്ഷ തെരഞ്ഞെടുപ്പാണ് ഇനി നിർണായകം. ഗഗൻ നാരംഗിനാണ് നിലവിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അടുത്തിടെ ഹൈദരാബാദിൽനിന്ന് അഹമ്മദാബാദിലേക്ക് താമസം മാറിയ നാരംഗിന്റെ നീക്കവും ശ്രദ്ധേയമാണ്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. അതേസമയം, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ദേശീയ കായിക ഫെഡറേഷനുകൾക്ക് പി.ടി. ഉഷയെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാനാകുമോ എന്നതും ചർച്ചയാകുന്നുണ്ട്. ഐഒഎയിലെ അംഗത്വവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഇതിൽ നിർണായകം.

ഐഒഎ തെരഞ്ഞെടുപ്പിന് പിന്നിലെ രാഷ്ട്രീയ സ്വാധീനവും ചർച്ചകളിൽ നിറയുന്നുണ്ട്. ബിജെപി നാമനിർദേശം ചെയ്ത രാജ്യസഭാംഗമാണ് പി.ടി. ഉഷ. യോഗേശ്വർ ദത്ത്, വിജേന്ദർ സിങ്, സൈന നെഹ്‌വാൾ തുടങ്ങിയ താരങ്ങൾക്കും രാഷ്ട്രീയ ബന്ധങ്ങളുണ്ട്. പുതിയ ഭരണഘടനയിൽ കായികതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെങ്കിലും ദേശീയ കായിക ഫെഡറേഷനുകളുടെ നിലപാടായിരിക്കും അന്തിമ തെരഞ്ഞെടുപ്പിൽ നിർണായകമാകുക. ഡിസംബർ അഞ്ചിലെ വോട്ടെടുപ്പ് ഐഒഎയുടെ പുതിയ അധ്യക്ഷനെ മാത്രമല്ല, ഇന്ത്യൻ കായിക ഭരണരംഗത്തെ അധികാര സമവാക്യങ്ങളെയും നിർണയിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!