‘മോദിയെ പ്രകീർത്തിച്ചു’; ജിജി തോംസൺ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചുവെന്ന് ബിജെപി നേതാവിൻ്റെ വെളിപ്പെടുത്തൽ

Share our post

കൊച്ചി: കേരളം മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ്. ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിര്‍ന്ന നേതാവാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും അദ്ദേഹം പറയുന്നു. 2017ല്‍ ജിജി തോംസണ്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചടങ്ങില്‍ മോദിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച ജിജി തോംസണിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 2017 മുതല്‍ 2020വരെ ഇന്‍ഡിപെന്റഡ് ഡയറക്ടറായി നിയമനം നല്‍കിയെന്നാണ് വെളിപ്പെടുത്തൽ.

2017 ജൂണില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ന്യൂനപക്ഷ മോര്‍ച്ചയുടെ ചടങ്ങിലേക്ക് ജിജി തോംസണിനെ ക്ഷണിക്കണമെന്നും അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുതിര്‍ന്ന ബിജെപി നേതാവ് തന്നെ അറിയിച്ചുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി പറയുന്നത്. അക്കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനാകാം ഇക്കാര്യം ജിജി ജോസഫിനോട് പറഞ്ഞതെന്നാണ് സൂചന. ഈ പരിപാടിയില്‍ പ്രസംഗിച്ച ജിജി തോംസണ്‍ മോദിയെ പ്രകീര്‍ത്തിച്ചെന്നും അന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന ജിജി ജോസഫ് ആരോപിക്കുന്നു.

‘ജിജി തോംസൺ ബിജെപിയുമായി സഹകരിച്ച് പോകാന്‍ തയ്യാറായിരുന്നു. അദ്ദേഹം 2017 ജൂണ്‍ 26ന് ന്യൂനപക്ഷ മോര്‍ച്ച നടത്തിയ പരിപാടിയില്‍ പങ്കെടുത്തു. ബിജെപിയില്‍ ചേരാന്‍ താത്പര്യമുള്ള അദ്ദേഹത്തെ ക്ഷണിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ആവശ്യപ്പെടുകയായിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജിജി തോംസൺ എത്തിയിരുന്നു. അന്ന് നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വാനോളം പുകഴ്ത്തി. തൊട്ടടുത്ത മാസം മുതല്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അദ്ദേഹം ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി. മൂന്ന് വര്‍ഷം ആ പദവിയില്‍ ഇരുന്ന് മോദിയെ അതിഗംഭീരമായി പുകഴ്ത്തി പറഞ്ഞയാളാണ് അദ്ദേഹം. അദ്ദേഹം ഇതിനുമപ്പുറം ആഗ്രഹിച്ചിരുന്നുവെന്നാണ് എന്റെ വിശ്വാസം. എന്ത് കിട്ടാത്തതിനാലാണ് ബിജെപിയില്‍ ചേരാതെ പോയതെന്ന് പറയേണ്ടത് ജിജി തോംസണ്‍ ആണ്’- ബിജെപി നേതാവ് ജിജി ജോസഫ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ ഗ്യാനേഷ് കുമാർ നിർദ്ദേശിച്ചുവെന്നാണ് ജിജി തോംസൺ പറഞ്ഞത്. സർവ്വീസിലിരിക്കെ 2016ൽ വിമാനയാത്രക്കിടെയാണ് ഗ്യാനേഷ് കുമാർ നിർദ്ദേശം മുന്നോട്ട് വെച്ചതെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞുവെന്നുമാണ് അദ്ദേഹം ആരോപിച്ചത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് അപ്പോൾ തന്നെ അറിയിച്ചെന്നും ജിജി തോംസൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജിജി തോംസണിനെതിരെ ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!