പിറവത്തെ കൂട്ട ആത്മഹത്യ; ദുരന്തം പുതിയ വീട്ടിലേക്ക് മാറാനിരിക്കെ; കുടുംബത്തിന് സഹായം ചെയ്തത് പോലീസ്
കോതമംഗലം: പിറവത്ത് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് കരുതുന്ന നിർധന കുടുംബം അവസാനമായി താമസിച്ചിരുന്നത് പോലീസ് ശരിയാക്കി കൊടുത്ത കോതമംഗലത്തെ ലോഡ്ജിൽ. പോലീസ് തന്നെ പുതിയ വാടകവീടും ഒരുക്കി കൊടുത്തിരുന്നു. അവിടേക്ക് താമസത്തിന് തയ്യാറെടുത്തിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടത്.
ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടക വീട്ടിലായിരുന്നു ഒരു വർഷത്തിലേറെയായി പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറിലെ നാരായണനും (51) ഭാര്യ വിജിമോളും (44) രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വാടകവീട് ഒഴിയേണ്ടി വന്നപ്പോൾ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അങ്ങനെ ഒന്നര ആഴ്ച മുൻപ് ഇവർ കോതമംഗലം പോലീസിന്റെ സഹായം തേടി.
ഇവരുടെ ദയനീയാവസ്ഥ കണ്ട് പോലീസിന്റെ ചെലവിൽ ഇവർക്ക് താത്കാലിക താമസത്തിന് ഹൈറേഞ്ച് ജങ്ഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് നൽകി. കുട്ടികൾക്ക് അടക്കം വസ്ത്രവും ഭക്ഷണവും മറ്റും വാങ്ങി നൽകുകയും ചെയ്തു. എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും പോലീസ് അറിയിച്ചിരുന്നു. ഫോൺ ഇല്ലെന്ന് പറഞ്ഞപ്പോൾ വാങ്ങി നൽകാമെന്നും പറഞ്ഞിരുന്നു.
പള്ളിയിൽ പ്രാർഥനയ്ക്ക് പോകുമ്പോൾ കിട്ടുന്ന ചെറിയ തുകയും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് പോലീസ് എസ്.എച്ച്.ഒ. പ്രശാന്ത്കുമാർ പറഞ്ഞു. ഇടയ്ക്ക് പോലീസിനെ സമീപിച്ച് സഹായം ചോദിക്കാറുണ്ടായിരുന്നു.
പോലീസ് ഇടയ്ക്ക് ലോഡ്ജിൽ ഇവരുടെ ക്ഷേമാന്വേഷണം തിരക്കി എത്താറുമുണ്ടായിരുന്നു. സംഭവദിവസം പോലീസ് എത്തിയപ്പോഴാണ് വ്യാഴാഴ്ച രാവിലെ മുറി പൂട്ടി പള്ളിയിലേക്ക് പോകുകയാണെന്നും പറഞ്ഞ് പോയെന്ന്് ലോഡ്ജിലെ ജീവനക്കാരൻ അറിയിച്ചത്. പുതിയ വാടക വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങളും എല്ലാമായാണ് പോലീസ് എത്തിയത്. വൈകീട്ട് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഗ്രൂപ്പിൽ പിറവത്തുനിന്ന് സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം കണ്ട്് വിളിച്ച് ചോദിച്ചപ്പോഴാണ് ഈ കുടുംബമാണെന്ന് മനസ്സിലായത്.
ചെറുവട്ടൂരും പരിസരത്തും ആയിട്ടാണ് നാല് വർഷമായി വാടക വീടുകളിൽ താമസിച്ചിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രണ്ടാംക്ലാസ് വിദ്യാർഥിനിയായ ഹന്ന യു.കെ.ജി. മുതൽ ചെറുവട്ടൂർ സ്കൂളിലാണ് പഠിക്കുന്നത്. ഹന്നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
