സുഗതനെത്തിയില്ലെങ്കിൽ ഭരണപക്ഷത്ത് 50 പേർ; 50-50 വന്നാൽ അസാധു; തിരുവനന്തപുരത്ത് എന്ത് സംഭവിക്കും?

Share our post

തിരുവനന്തപുരം: കാപ്പാ കേസിൽ ബി.ജെ.പി. കൗൺസിലർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസംകൊണ്ട് ബി.ജെ.പി. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനൊരുങ്ങി യു.ഡി.എഫ്.. എന്നാൽ, അവിശ്വാസപ്രമേയത്തിൽ എൽ.ഡി.എഫിന്റെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന സൂചന മുൻ മന്ത്രി വി.ശിവൻകുട്ടി നൽകി. അവരുമായി ചർച്ചകൾക്കു മുൻകൈയെടുത്തിട്ടില്ലെങ്കിലും രാഷ്ട്രീയസാഹചര്യം മനസ്സിലാക്കി എൽ.ഡി.എഫ്. നിലപാടെടുക്കട്ടെയെന്നാണ് യു.ഡി.എഫ്. നേതാവ് ശബരീനാഥൻ അറിയിച്ചത്. ഇതിനിടെ കോർപ്പറേഷനിൽ മേയർ ജനാധിപത്യവിരുദ്ധമായ നടപടികൾ സ്വീകരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മന്ത്രി കെ.എം.ഷാജിക്ക് എൽ.ഡി.എഫ്. പരാതിനൽകി. കാപ്പാ കേസിൽ ജയിലിലുള്ള ബി.ജെ.പി. കൗൺസിലർ സുഗതന്റെ വിഷയം കൗൺസിലിൽ ചർച്ചചെയ്യാൻപോലും മേയർ തയ്യാറായിട്ടില്ലെന്ന് എൽ.ഡി.എഫ്. കക്ഷിനേതാവ് എസ്.പി.ദീപക് ആരോപിച്ചു.

ബി.ജെ.പി.യാണ് സി.പി.എമ്മിന്റെ മുഖ്യശത്രുവെന്ന് ശിവൻകുട്ടി പറഞ്ഞു, അവരെ അധികാരത്തിൽനിന്നു മാറ്റിനിർത്തുകയെന്നതാണ് തത്ത്വത്തിൽ പാർട്ടിയുടെ നയമെന്നും ഇതിനായി, അവിശ്വാസപ്രമേയത്തിന്റെയും നിയമപോരാട്ടത്തിന്റെയും വഴി സ്വീകരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

പ്രതിപക്ഷം ഭിന്നിച്ചുനിൽക്കുകയാണെങ്കിലും ഭരണത്തിലേറി ആറുമാസം പിന്നിടുമ്പോൾത്തന്നെ അവിശ്വാസപ്രമേയം നേരിടേണ്ടിവരുന്നത് ബി.ജെ.പി.ക്ക് തിരിച്ചടിയായി.

അവിശ്വാസം സാങ്കേതികം; ഭരണസമിതിക്ക് പ്രശ്‌നമില്ല

തിരുവനന്തപുരം: അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകാൻ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നുപേരുടെ ഒപ്പ് വേണം. നഗരസഭാ കൗൺസിലിൽ 101 പേരായതിനാൽ പ്രമേയത്തിൽ 34 അംഗങ്ങളുടെ പിന്തുണയുള്ള ഒപ്പുണ്ടായിരിക്കണം. പ്രമേയം പരിഗണിക്കുമ്പോൾ കൗൺസിലിന്റെ ക്വാറം തികയാൻ ആകെ അംഗസംഖ്യയുടെ മൂന്നിൽ രണ്ടുപേർ ഹാജരായിരിക്കണമെന്നാണ് വ്യവസ്ഥ. അതായത്, കോർപ്പറേഷൻ കൗൺസിലർമാരിൽ 68 പേർ ഹാജരുണ്ടായിരിക്കണം. 51 പേരുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയം പാസാകും.

കോൺഗ്രസിനോ സി.പി.എമ്മിനോ ഒറ്റയ്ക്ക് അവിശ്വാസപ്രമേയം കൊണ്ടുവരാനാവില്ല. കോൺഗ്രസിന് ഇരുപതും എൽ.ഡി.എഫിന് 29 അംഗങ്ങളുമാണ് നിലവിലുള്ളത്. കോൺഗ്രസ് വിമതനായ സുധീഷ് കുമാറിന്റെകൂടി പിന്തുണ ലഭിച്ചാൽ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം അൻപതാകും. ജയിലിലുള്ള സുഗതൻ എത്തിയില്ലെങ്കിൽ ബി.ജെ.പി. കൗൺസിലർമാരിൽ ഒരാളുടെ കുറവുണ്ടാകും.

സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണ ഉറപ്പാക്കിയാലും ബി.ജെ.പി.ക്ക് 50 പേരുടെ പിന്തുണയേ ലഭിക്കൂ. ഈ സാഹചര്യത്തിൽ ഇരുപക്ഷത്തിന്റെയും അംഗബലത്തിൽ 50-50 എന്ന വോട്ടുനില വന്നാൽ അവിശ്വാസപ്രമേയം അസാധുവാകും.

അതിനാൽ അവിശ്വാസപ്രമേയം അവതരിപ്പിച്ച് വോട്ടിനിട്ടാൽപോലും ഭരണസമിതിക്കു വെല്ലുവിളിയാകില്ലെന്ന ആശ്വാസത്തിലാണ് ബി.ജെ.പി. വീണ്ടുമൊരു അവിശ്വാസപ്രമേയം വരണമെങ്കിൽ ആറുമാസത്തെ സമയമെടുക്കും.

യു.ഡി.എഫ്. മാർച്ച് നാളെ

തിരുവനന്തപുരം: നഗരസഭയിൽ ഭരണസ്തംഭനം ആരോപിച്ച് യു.ഡി.എഫ്. തിങ്കളാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മ്യൂസിയത്തുനിന്നും നഗരസഭാ ആസ്ഥാനത്തേക്ക് കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!