പൂളക്കുറ്റി ദുരന്തമുഖത്തെ ക്വാറി ഉടമയിൽ നിന്ന് ഫണ്ട് വാങ്ങി; സി.പി.എം ഏരിയാ നേതാക്കൾക്കെതിരെ ലോക്കൽ കമ്മിറ്റിയിൽ വിമർശം
എം.വിശ്വനാഥൻ
കൊളക്കാട്(കണ്ണൂർ): മൂന്ന് പേരുടെ ജീവനപഹരിക്കുകയും ഏക്കറുകണക്കിന് കൃഷിഭൂമി നശിപ്പിക്കുകയും ചെയ്ത പൂളക്കുറ്റി ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ കരിങ്കൾ ക്വാറി ഉടമയിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ വിവാദം. പേരാവൂർ ഏരിയാക്കമ്മിറ്റിയിലെ രണ്ട് പേർക്കെതിരെയാണ് കൊളക്കാട് ലോക്കൽ കമ്മിറ്റിയിൽ ആരോപണമുയർന്നത്. സംഭവത്തിൽ ജില്ലാ കമ്മിറ്റിക്ക് പരാതി നല്കിയതായും സൂചനയുണ്ട്.
2022-ലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി നടത്തിയ പരിശോധനയിൽ 27-ആം മൈലിലെ കരിങ്കൽ ക്വാറി അടച്ചുപൂട്ടിച്ചിരുന്നു. പിന്നീട് ക്വാറി തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി തേടി ഉടമ കണിച്ചാർ പഞ്ചായത്തിൽ അപേക്ഷ നല്കിയെങ്കിലും സി.പി.എം ഭരണസമിതി അനുമതി നല്കിയില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ കണിച്ചാർ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിക്കുകയും 27-ആം മൈലിലെ ക്വാറിക്കൊപ്പമുള്ള ക്രഷറിന് പ്രവർത്തനാനുമതി നൽകുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വരേണ്ടകണിച്ചാർ ലോക്കൽ കമ്മിറ്റിയോ കൊളക്കാട് ലോക്കൽ കമ്മിറ്റിയോ ഇതുവരെയും തയ്യാറാവാത്തത് സി.പി.എം. അണികളിൽ തന്നെ ചർച്ചയായിട്ടുണ്ട്. ഇതിനിടയിലാണ് പ്രസ്തുത ക്വാറി ഉടമയിൽ നിന്ന് ഏരിയാ കമ്മിറ്റിയിലെ രണ്ടുപേർ തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയതായി ആരോപണം ഉയർന്നത്.
ക്രഷറുകൾക്ക് കോൺഗ്രസ് ഭരണസമിതി അനുമതി നല്കിയതിനെതിരെ പൂളക്കുറ്റി വാർഡിൽ പ്രത്യേക ഗ്രാമസഭ ചേരുകയും അനുമതി റദ്ദാക്കാൻ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഉരുൾ പൊട്ടലുണ്ടായ വർഷം സംസ്ഥാന ഭരണവും കണിച്ചാർ പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന്റെ കയ്യിലായിരുന്നു. അന്ന് ക്വാറിക്കെതിരെ രംഗത്ത് വന്ന പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ, ഇപ്പോൾ കോൺഗ്രസ് ഭരണസമിതി ക്രഷറിന് പ്രവർത്തനാനുമതി നല്കിയതിനെതിരെ രംഗത്തില്ലെന്നതും നാട്ടിൽ ചർച്ചയായിട്ടുണ്ട്.
