പേരാവൂർ – കുനിത്തലമുക്ക് റോഡിൽ നടപ്പാതയില്ല ; കാൽനടയാത്രക്കാർ കഷ്ടപ്പാടിൽ
പേരാവൂർ : നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കുനിത്തലമുക്കിലേക്ക് പേരാവൂർ ടൗണിൽനിന്ന് നടപ്പാതകളില്ലാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമായി. ഈ ഭാഗത്ത് റോഡിന്റെ രണ്ട് വശങ്ങളിലും സ്വകാര്യ വാഹനങ്ങൾ തോന്നുംപോലെ നിർത്തിയിടുന്നതിനാൽ റോഡിലൂടെ വേണം വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് നടന്നുപോകാൻ. നടപ്പാത മൗലികാവകാശമാണെന്നിരിക്കെ സുരക്ഷിതമായ നടപ്പാത നിർമിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി ഓഫീസ്, കൃഷിഭവൻ, അഗ്നിരക്ഷാനിലയം, ആയുർവേദ ആസ്പത്രി, ആധാരമെഴുത്ത് ഓഫീസ്, കനറാ ബാങ്ക് എന്നിവ ഈ ഭാഗത്താണുള്ളത്. ടൗണിൽനിന്ന് കുനിത്തലമുക്കിലേക്ക് 500 മീറ്റർ ദൂരമാണുള്ളത്.
അതിനാൽ ഓഫീസുകളിലേക്ക് പോകുന്നവർ പലരും ടൗണിൽനിന്ന് നടന്നാണ് പോകുക. ഇവരും പ്രദേശത്തെ വിദ്യാർഥികൾക്കുമാണ് ബുദ്ധിമുട്ട്. ടൗൺ മുതൽ കുനിത്തലമുക്ക് വരെ റോഡിന്റെ ഒരുവശത്ത് ഓടയുണ്ടെങ്കിലും സ്ലാബിട്ടിട്ടില്ല. റോഡിനും ഓടകൾക്കുമിടയിലുള്ള സ്ഥലങ്ങളിലെല്ലാം സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്.
ഇത് കാരണമാണ് ആളുകൾക്ക് റോഡിലൂടെ നടക്കേണ്ടിവരുന്നത്. മറുവശത്തെ റോഡരികും വാഹനങ്ങൾ കൈയടക്കിയിട്ടുണ്ട്. ഈ ഭാഗത്തെ സ്വകാര്യ ആസ്പത്രിക്ക് മുന്നിലെ റോഡരികിൽ ആംബുലൻസുകളും സമീപത്തായി ഓട്ടോസ്റ്റാൻഡുമാണ്. അതിനാൽ ഈ വശത്തും കാൽനടയാത്ര ദുഷ്‌കരമാണ്.
കുനിത്തലമുക്കിലേക്ക് നടപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ സംഘടനകൾ ഇക്കാര്യമാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. റോഡരികിൽ പകൽ മുഴുവനും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരേയും നടപടിയുണ്ടാകാറില്ല. ടൗണിൽ വാഹനപാർക്കിങ്ങിനിടമില്ലെന്ന വാദമുയർത്തിയാണ് റോഡരികുകൾ പാർക്കിങ് കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. എന്നാൽ, പുതിയ പഞ്ചായത്ത് ഭരണസമിതി പേപാർക്കിങ് ഒരുക്കിയെങ്കിലും അനധികൃത പാർക്കിങ്ങിന് അറുതിയായിട്ടില്ല.
ഈ ഭാഗത്തെ അനധികൃത പാർക്കിങ് ഒഴിവാക്കുകയാണെങ്കിൽ കാൽനടക്കാർ റോഡിലൂടെ നടക്കുന്നത് ഒഴിവാക്കാനെങ്കിലുമാകും. പേരാവൂർ ടൗണിലെ നടപ്പാതകളുടെ നവീകരണത്തിനും കുനിത്തലമുക്ക് ഭാഗത്തേക്കുള്ള ഓടകൾക്ക് മുകളിൽ സ്ലാബുകളും കൈവരികളും സ്ഥാപിക്കാനും പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ സർക്കാരിന് നിവേദനം നല്കിയിരുന്നു. പുതിയ സർക്കാരിൽ പേരാവൂരിൽനിന്ന് മന്ത്രിയുണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
