റോളക്സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ…; നയതന്ത്ര ഉപഹാരങ്ങൾ ലേലം ചെയ്യാൻ കേന്ദ്രം, ചരിത്രത്തിലാദ്യം
ന്യൂഡൽഹി: വിദേശ പ്രതിനിധികളിൽനിന്നും നയതന്ത്രജ്ഞരിൽനിന്നും ലഭിച്ച വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം. റോളക്സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള മുന്നൂറോളം വസ്തുക്കളാണ് ഓൺലൈൻ ലേലത്തിലൂടെ പൊതുജനങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക.
ശേഖരിക്കാൻ താൽപര്യമുള്ളവർക്കും പൊതുജനങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഈ വസ്തുക്കൾ ലേലം വിളിച്ച് വാങ്ങാനുള്ള സുവർണാവസരമാണിത്. വിദേശ യാത്രകളിലും ചടങ്ങുകളിലും ലഭിച്ച ഇത്തരം ഉപഹാരങ്ങൾ സൂക്ഷിക്കുന്ന തോഷഖാനയിലെ ശേഖരമാണ് ലേലത്തിൽ വെക്കുന്നത്. 2024 ജൂൺ മുതൽ 2026 ജൂൺ വരെ നീണ്ടുനിന്ന ഈ ലേലത്തിലൂടെ ലഭിക്കുന്ന തുക രാജ്യത്തിന്റെ സഞ്ചിത നിധിയിലേക്ക് സമർപ്പിക്കും.
വിദേശ സർക്കാരുകളിൽനിന്നും പ്രമുഖ വ്യക്തികളിൽനിന്നും ഇന്ത്യൻ സർക്കാർ പ്രതിനിധികൾക്ക് ഔദ്യോഗികമായി ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന ശേഖരത്തെയാണ് തോഷാഖാന എന്ന് വിളിക്കുന്നത്. ഇതിലെ മിക്ക വസ്തുക്കളും പൈതൃക പ്രാധാന്യമുള്ളതോ അലങ്കാരത്തിനോ വേണ്ടിയുള്ളവയാണ്, അല്ലാതെ നിത്യജീവിതത്തിലെ ആവശ്യങ്ങൾക്കുള്ളവയല്ല.
മുൻപ് മന്ത്രാലയത്തിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇത്തരം ലേലങ്ങൾ ഇപ്പോൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ ഔദ്യോഗിക പരിപാടികൾക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിച്ച മുന്നൂറോളം നയതന്ത്ര ഉപഹാരങ്ങളും സ്മരണികകളുമാണ് ഇ-ബിഡിംഗിലൂടെ (e-bidding) ലേലം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പരിഷ്കരിച്ച തോഷാഖാന ചട്ടങ്ങൾ, 2024 പ്രാബല്യത്തിൽ വന്നതോടെയാണ് തോഷാഖാനയിലെ വസ്തുക്കൾ വാങ്ങാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. വിദേശകാര്യ സെക്രട്ടറി റാങ്കിന് താഴെയുള്ള, നിലവിൽ സേവനത്തിലുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ വിദേശ സന്ദർശന വേളകളിൽ ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 8-ന് ആരംഭിച്ച ഈ ലേലം 2026 ജൂൺ 30 വരെ തുടരും. ആചാരപരമായതും പൈതൃക പ്രാധാന്യമുള്ളതും ശേഖരിക്കാൻ യോഗ്യവുമായ നിരവധി വസ്തുക്കൾ ലേലത്തിലുണ്ട്. ഇവയുടെ അടിസ്ഥാന വില (reserve price) 2,385 രൂപ മുതൽ മുകളിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. റോളക്സിന്റെ യാച്ച്-മാസ്റ്റർ ശേഖരത്തിൽ നിന്നുള്ള രണ്ട് വാച്ചുകൾ, ഒമാനിൽ നിന്നുള്ള വെള്ളി കഠാര, ലണ്ടനിൽ നിർമ്മിച്ച സ്റ്റെർലിംഗ് സിൽവർ ടീ സെറ്റ്, ആപ്പിൾ മാക്ബുക്ക് പ്രോ, വെള്ളി അലങ്കാര വസ്തുക്കൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയാണ് ലേലത്തിലെ പ്രധാന ആകർഷണങ്ങൾ.
1980-കളിലെ ഒരു പുരാതന വെള്ളി പെട്ടിയാണ് ലേലത്തിൽ വലിയ ശ്രദ്ധ നേടുന്നത്. സിഗാർ കേസ് ആയി നിർമ്മിച്ച ഈ പെട്ടിക്ക് അതിന്റെ അടിസ്ഥാന വിലയേക്കാൾ വളരെ ഉയർന്ന തുകയ്ക്കാണ് ബിഡ്ഡുകൾ വരുന്നത്. ഓരോന്നിനും ഏകദേശം 16.5 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രണ്ട് റോളക്സ് വാച്ചുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ കുവൈത്തിൽ നിന്നുള്ള സ്വർണാഭരണങ്ങൾക്ക് (അടിസ്ഥാന വില 9.5 ലക്ഷം രൂപ) ഇതുവരെ ബിഡ്ഡുകൾ ലഭിച്ചിട്ടില്ല.
സ്വർണ്ണം പൂശിയ വ്യാളികൾ (dragons) ചിത്രീകരിച്ച വെള്ളി പെട്ടിയും അതിനുള്ളിലെ 20 ഗ്രാം സ്വിസ് ഗോൾഡ് ബിസ്കറ്റും മറ്റൊരു ആകർഷണമാണ്. ഇതിന്റെ ലേലത്തുക ഇതിനകം തന്നെ അടിസ്ഥാന വിലയെ മറികടന്നു കഴിഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന് കീഴിലുള്ള തോഷാഖാന സെക്ഷനാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. പ്രത്യേക മൂല്യനിർണയ സമിതിയാണ് വസ്തുക്കളുടെ വില നിശ്ചയിക്കുന്നത്.
ലേലം ജയിക്കുന്നവർക്ക് ജൂൺ 30-ന് ശേഷം സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്യും. ഇതിനുമുമ്പ് 1983-ൽ ഒരു ലേലം നടന്നിരുന്നെങ്കിലും അത് മന്ത്രാലയത്തിലെ ജീവനക്കാർക്ക് മാത്രമായിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുക ഭാരത സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് (Conoslidated Fund of India) ചേർക്കും. ഭാവിയിൽ, വിദേശകാര്യ മന്ത്രിമാർക്ക് ലഭിച്ച സമ്മാനങ്ങളും ലേലത്തിൽ ഉൾപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
