അയോധ്യ സംഭാവന തട്ടിപ്പ്: രാമക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് രാജിവച്ചു
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയും ട്രസ്റ്റിയും രാജിവച്ചു. കേസിലെ പ്രധാന ആരോപണവിധേയനാണ് ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ്. ട്രസ്റ്റി അനില്‍ മിശ്രയാണ് രാജിവച്ച മറ്റൊരാള്‍. അതേസമയം, അയോധ്യ തട്ടിപ്പില്‍ ആരോപണ വിധേയരായ ചമ്പത് റായിയടക്കമുള്ള പ്രധാനികള്‍ക്കെതിരെ കേസെടുക്കാത്തതില്‍ വിമര്‍ശനം. എസ്.ഐ.ടി അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് അയോധ്യയിലെ ആത്മീയ പണ്ഡിതര്‍ തുറന്നടിച്ചു. അയോധ്യയെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇന്നലെ അറസ്റ്റിലായ എട്ടുപേരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ എട്ടുപേരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്ത് അറസ്റ്റുചെയ്തത്. ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്റായിയുടെ അനുയായികളായ ടിന്നു യാദവും അനുകൽപ് മിശ്രയുമാണ് മുഖ്യപ്രതികള്‍. തട്ടിപ്പ് പുറത്തായതുമുതല്‍ ആരോപണം നേരിടുന്ന ചമ്പത് റായിയെക്കെതിരെയും മറ്റ് പ്രധാന ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ഇതിലാണ് ചോദ്യങ്ങളുയരുന്നത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നടപടിയെടുക്കണമെന്ന് അയോധ്യയിലെ ആത്മീയ പണ്ഡിതന് കർപത്രി മഹാരാജ് തുറന്നടിച്ചു.
അറസ്റ്റിലായ മറ്റ് ആറുപേര്‍ സംഭാവന പണം എണ്ണാനുള്പ്പെടെ നിയോഗിക്കപ്പെട്ട ജീവനക്കാരാണ്. മോഷണം, വിശ്വാസവഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരായ കേസ്. ഇവര്‍ സ്ഥിരം പണം കടത്തിയിരുന്നതായണ് കണ്ടെത്തല്‍. ക്ഷേത്രം ഭരണസമിതി നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ പേരുടെ പങ്കും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ആരുടെയോ തിരക്കഥ അനുസരിച്ചാണ് എസ്ഐടി അന്വേഷണമെന്ന് സമാജ് വാദി പാർട്ടി വിമർശിച്ചു.
