പാസ്പോർട്ട് അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; നിരക്ക് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: പാസ്പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്പോർട്ടിനുള്ള ഫീസ് 3500 രൂപയാക്കിയിട്ടുണ്ട്. തത്കാൽ നിരക്ക് 6000 രൂപയായിരിക്കും. കേന്ദ്രവിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിരക്ക് പട്ടിക 2026 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 36 പേജുകളുള്ള പാസ്പോർട്ട് അപേക്ഷയ്ക്ക് 1500 രൂപയും തത്കാൽ നിരക്ക് 3500 രൂപയുമാണ്. 60 പേജുകളുള്ള പാസ്പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയും.
പുതുക്കിയനിരക്കുകൾ പ്രകാരം നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്പോർട്ട് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാൽ നിരക്ക് 6000 രൂപയുമായിരിക്കും. 60 പേജുകളുള്ള പാസ്പോർട്ടിനിത് യഥാക്രമം 6000, 8500 എന്നിങ്ങനെയായിരിക്കും നിരക്ക്. പാസ്പോർട്ട് പ്രധാനമായും ഒരു യാത്രാരേഖ മാത്രമാണെന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയായി കണക്കാക്കരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതുക്കിയ ഫീസ് പട്ടിക വരുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷമാണ് പാസ്പോർട്ട് അനുവദിക്കുന്നതെങ്കിലും ഒരു സ്വതന്ത്ര പൗരത്വ സർട്ടിഫിക്കറ്റായി ഉപയോഗിക്കാനാവില്ലെന്നുമായിരുന്നു പാസ്പോർട്ട് സേവാ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രം വിശദീകരിച്ചത്.
18 വയസ്സിന് താഴെയുള്ളവർക്ക് 36 പേജുകളുള്ള പാസ്പോർട്ടിനായി 1750 രൂപയും തത്കാൽ അപേക്ഷയ്ക്കായി 4250 രൂപയും നൽകണം. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതാ ആയ പാസ്പോർട്ടുകൾക്ക് പകരം അപേക്ഷിക്കാനുള്ള ഫീസ് 4250 രൂപയും തത്കാൽ അപേക്ഷകൾക്ക് 6750 രൂപയുമാണ് നിരക്ക്.
പാസ്പോർട്ട് അനുബന്ധ സേവനങ്ങളുടെ നിരക്കും പുതുക്കിയിട്ടുണ്ട്. വിദേശത്ത് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന് 15 യുഎസ് ഡോളറും ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് ഇന്ത്യയിൽ 1,000 രൂപയും വിദേശത്ത് 50 യുഎസ് ഡോളറുമാണ് നിരക്ക്. ഇന്ത്യയിൽ 750 രൂപയും വിദേശത്ത് 40 യുഎസ് ഡോളറുമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്പോർട്ട് സംബന്ധമായ മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ നേടുന്നതിനുള്ള ഫീസ്.
