കെഎസ്ആർടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകൾ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോൺ
ന്യൂഡൽഹി: പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സംസ്ഥാനം. ഇതിന്റെ ഭാഗമായി അത്യാധുനിക ഹൈഡ്രജൻ ബസുകൾ ഉടൻ എത്തുമെന്ന് മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്തശേഷണാണ് മന്ത്രിയുടെ നിർണായക പ്രഖ്യാപനം.
ബസുകൾ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഗ്രീൻ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹൈഡ്രജൻ ബസുകൾ കേരളത്തിൽ സർവീസ് നടത്തുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പഠിക്കുന്നതിനുമായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര.
കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. ഡൽഹി സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത വഴി വീണ്ടും സെൻട്രൽ സെക്രട്ടേറിയറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലായിരുന്നു പരീക്ഷണ യാത്ര.
യാത്രയ്ക്കിടയിൽ ഡിഎംആർസി അധികൃതരുമായും ബസ് ഓപ്പറേറ്റർമാരുമായും മന്ത്രി വിശദമായ ചർച്ചകൾ നടത്തി. ബസിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ, ഇന്ധനക്ഷമത, മറ്റ് സവിശേഷതകൾ എന്നിവ പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് സംഘം യാത്ര അവസാനിപ്പിച്ചത്.
