ഇന്ത്യയിൽ 1.1 ലക്ഷം കോടി നിക്ഷേപിക്കാനൊരുങ്ങി ആമസോൺ

Share our post

ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം 20-ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 100-ലധികം ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു.

ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ നി​ക്ഷേപത്തിനൊരുങ്ങി ആമസോൺ. കമ്പനിയുടെ സിഇഒ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയിൽ അധികമായി 13 ബില്യൺ ഡോളർ (ഏകദേശം 1.1 ലക്ഷം കോടി) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ പുതിയ പ്രഖ്യാപനത്തോടെ 2030ഓടെ ഇന്ത്യയിൽ ആമസോണിന്റെ ആകെ നിക്ഷേപം 48 ബില്യൺ ഡോളറിലേയ്ക്ക് (ഏകദേശം 4 ലക്ഷം കോടി) ഉയരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളുടെ വികസനത്തിനായാണ് ഈ നിക്ഷേപം വിനിയോഗിക്കുക.

മുംബൈയിലെയും ഹൈദരാബാദിലെയും AWS ഡാറ്റാ സെന്ററുകളുടെ ശേഷി വർധിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കൂടുതൽ ആധുനിക AI, ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കാനുമാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് മേഖലകളിലും ആമസോൺ നിക്ഷേപം തുടരും. ഇതിന്റെ ഭാഗമായി ഈ വർഷം മാത്രം രാജ്യത്ത് 20-ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 100-ലധികം പുതിയ ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കാനാണ് തീരുമാനം.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 1.2 കോടി ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ഡിജിറ്റൽ രംഗത്തേക്ക് കൊണ്ടുവരാനും 20 ബില്യൺ ഡോളറിലേറെ കയറ്റുമതി സാധ്യമാക്കാനും 28 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആമസോണിന് കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.

“ഇന്ത്യയുടെ AI വികസനം, ചെറുകിട ബിസിനസുകളുടെ ഡിജിറ്റലൈസേഷൻ, തൊഴിലവസര സൃഷ്ടി, കയറ്റുമതി വർധന എന്നിവയുമായി ആമസോണിന്റെ ലക്ഷ്യങ്ങൾ ഒത്തുചേരുന്നതാണ്. ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ദീർഘകാല പങ്കാളിയായി തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ആൻഡി ജാസി പറഞ്ഞു.

ഇന്ത്യയെ ആഗോള AI, ക്ലൗഡ് ടെക്നോളജി ഹബ്ബാക്കി മാറ്റാനുള്ള മത്സരത്തിനിടെയാണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം. ഈ നിക്ഷേപം രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ, സ്റ്റാർട്ടപ്പ് വളർച്ച, ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!