കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങി, അനങ്ങാനും തിരിയാനും വയ്യ; രണ്ടു വയസ്സുകാരിക്ക് രക്ഷകരായി ‘ഫയർഫോഴ്സ് മാമന്മാർ’

Share our post

കോഴിക്കോട് : നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിൽ ആണ് ബുധനാഴ്ച രാവിലെ 11 മണിയോടെ പാത്രം കുടുങ്ങിയത്. വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു സംഭവം.

കളിക്കുന്നതിനിടെ കുട്ടി പാത്രം തലയിൽ വയ്ക്കുകയും തല പൂർണമായും പാത്രത്തിൽ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിൽ കുട്ടിയുമായി വീട്ടുകാർ എത്തുകയായിരുന്നു. സേനാംഗങ്ങൾ ഏറെ ശ്രദ്ധയോടെ കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകൾ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. കരഞ്ഞു വന്ന ആലിയ ചിരിച്ച് ഫയർഫോഴ്സ് മാമന്മാരോട് യാത്ര പറഞ്ഞാണ് സ്റ്റേഷനിൽ നിന്ന് തിരിച്ചു പോയത്

രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ എസ്. വരുൺ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ മധുപ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഐ.ഉണ്ണികൃഷ്ണൻ, മുഹമ്മദ്‌ സാനീജ് എന്നിവർ നേതൃത്വം നൽകി. കളിപ്പാട്ടത്തിനു പകരം വീട്ടുപകരണങ്ങൾ എടുത്ത് കളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!