മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസ്സുകാരനെ എസ്ഐ കരണത്തടിച്ചു; ആഭ്യന്തരമന്ത്രിക്ക് പരാതി
കൊച്ചി ∙ വൈപ്പിൻ ഞാറയ്ക്കലിൽ മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ 16 വയസ്സുകാരനെ എസ്ഐ കരണത്തടിച്ചെന്ന് പരാതി. പ്രദേശവാസിയായ സ്ത്രീയുടെ മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാൻ വിളിപ്പിച്ചപ്പോഴാണ് സംഭവം. തന്റെ മുത്തശ്ശിക്ക് ചെവി നന്നായി കേൾക്കില്ലെന്നും ഉറക്കെ ചോദിക്കണമെന്നും 16 വയസ്സുകാരൻ പറഞ്ഞപ്പോള്‍, ‘നിന്നോട് ചോദിച്ചോടാ’ എന്നു ചോദിച്ച് അടിച്ചെന്നും സ്റ്റേഷനിൽ നിന്നു പുറത്താക്കിയെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ, ശിശുക്ഷേമ സമിതി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലും 16 വയസ്സുകാരന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ‘ആരോപണം സത്യമല്ലെന്ന്’ ഞാറയ്ക്കൽ പൊലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവമെന്ന് 16 വയസ്സുകാരന്റെ പിതാവിന്റെ പരാതിയിൽ പറയുന്നു. നായരമ്പലം ബസ് സ്റ്റോപ്പിനടുത്തുവച്ച് കടുങ്ങാശേരി സ്വദേശിയായ സ്ത്രീയുടെ മാല കാണാതായതായി പരാതിയുണ്ടായിരുന്നു. അവർ ഇക്കാര്യം സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ അടക്കമുള്ളവരെ അറിയിച്ചിരുന്നു. ഇന്നലെ പരാതിക്കാരന്റെ ഭാര്യാ മാതാവ് അതുവഴി നടന്നു പോകുമ്പോൾ എന്തോ കുനിഞ്ഞ് എടുക്കുന്നതു കണ്ടു എന്നു ചിലർ മാല നഷ്ടപ്പെട്ട സ്ത്രീയെ അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഇവർ പരാതിപ്പെട്ടതിനെ തുടർന്ന് 16 വയസ്സുകാരന്റെ 60 വയസുള്ള മുത്തശ്ശിയെ വിളിച്ചു വരുത്തുകയായിരുന്നു.
മാലയുടെ കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും ബാങ്കിലേക്കു പോകുന്ന വഴി കയ്യിലിരുന്ന 50 രൂപ നോട്ട് താഴെപ്പോയത് എടുക്കുകയാണ് ചെയ്തതെന്നും ഇവർ ബന്ധുക്കളോടും പരിചയക്കാരോടും പറഞ്ഞിരുന്നു. കൊച്ചുമകനുമൊത്ത് സ്റ്റേഷനിലെത്തിയ 60കാരിയോട് എസ്ഐ കാര്യങ്ങൾ ചോദിച്ചെങ്കിലും കേൾവിക്കുറവ് ഉള്ളതിനാൽ പലതും ഇവർക്ക് മനസ്സിലായില്ല. ഇതിനിടെയാണ് മുത്തശ്ശിക്ക് കേൾവിക്കുറവുണ്ടെന്നും ഉറക്കെ ചോദിക്കണമെന്നും 16 വയസ്സുകാരൻ പറഞ്ഞത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെ മുഖത്ത് ആഞ്ഞടിച്ചെന്നും അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
ചെവിക്ക് വേദന അനുഭവപ്പെട്ട് ചെന്നിട്ട് ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിൽ തുടക്കത്തിൽ ചികിത്സ നൽകാൻ തയാറായില്ല എന്ന ആരോപണവും പരാതിയിലുണ്ട്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും 16 വയസ്സുകാരന്റെ കരണത്തടിക്കുകയും ചെയ്ത സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ സ്റ്റേഷനിലെത്തിയ തങ്ങളോടും മോശമായ രീതിയിലാണ് പൊലീസുകാർ പെരുമാറിയതെന്ന് പൊതുപ്രവർത്തകനും ട്വന്റി 20 മണ്ഡലം വൈസ് പ്രസിഡന്റുമായ ബില്ലി അറയ്ക്കൽ ആരോപിച്ചു. വൈകിട്ട് ആറു മണിവരെ 60 വയസുകാരിയെ അവിടെ പിടിച്ചു നിർത്തി. എന്നാൽ പരാതിക്കാരിയോ സാക്ഷികളോ ഒന്നും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ആരോപണത്തിൽ പറയുന്നതു പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.
